
ഫ്‌ളോറിഡ: പിതാവിന്റെ മരണശേഷം സൂപ്പര്‍താരം ലയണല്‍ മെസി ആദ്യമായി കളത്തിലിറങ്ങിയിട്ടും മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി ലീഗ് കപ്പില്‍നിന്ന് പുറത്ത്. നോക്കൗട്ട് പ്രവേശത്തിനു വമ്പന്‍ ജയം അനിവാര്യമായിരുന്ന മയാമി 2-3 ന് ലിയോണിനു മുന്നില്‍ മുട്ടുമടക്കി. മെസിയില്ലാതെ കഴിഞ്ഞ മത്സരത്തില്‍ മോണ്ടെറിയോടു 2-1 ന്റെ തോല്‍വി വഴങ്ങേണ്ടിവന്ന മയായി ഇതോടെ ടൂര്‍ണമെന്റില്‍നിന്നു ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി.
മൂന്നു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് മെസിയുടെയും സംഘത്തിന്റെയും പേരിലുള്ളത്. 2023-ല്‍ ജേതാക്കളും കഴിഞ്ഞവര്‍ഷം റണ്ണറപ്പുമായിരുന്നു ഇന്റര്‍ മയാമി. മൂന്നു കളിയും ജയിച്ച ലിയോണ്‍ ഒന്‍പതു പോയിന്റുമായി നോക്കൗട്ട് റൗണ്ടില്‍ കടന്നു. കൊളംബസ് ക്രൂ, റിയല്‍ സാള്‍ട്ട് ലേക്ക്, ലോസ് എയ്‌ഞ്ചലസ് എഫ്.സി. ടീമുകളാണ് ലിയോണിനു പുറമേ അടുത്ത റൗണ്ടിലേക്കു മുന്നേറിയത്.
ലിയോണിനെതിരേ ആദ്യപകുതിയില്‍ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമാണ് ഇന്റര്‍ മയായി തോല്‍വി വഴങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു ലിയോണിന്റെ മൂന്നു ഗോളും. ഡാനിയെല്‍ ആര്‍സിലയുടെ ഇരട്ടഗോളുകള്‍ ലിയോണിന്റെ ജയത്തിന് അടിത്തറയിട്ടു.
ഇയാന്‍ ഫ്രേയുടെ പാസില്‍ ഡാനിയെല്‍ പിന്റര്‍ 42-ാം മിനിറ്റില്‍ മയായിക്കു ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ കാണികളുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയില്‍ ലയണല്‍ മെസി കളത്തിലിറങ്ങി. പിതാവ് ഹോര്‍ഹെ മെസി അന്തരിച്ച് നാലു ദിവസത്തിനുശേഷമായിരുന്നു മൈതാനത്തേക്കുള്ള അര്‍ജന്റീനാ ഇതിഹാസതാരത്തിന്റെ മടക്കം. റൊസാരിയോയിലായിരുന്നു ഹോര്‍ഹെയുടെ സംസ്‌കാരച്ചടങ്ങുകള്‍.
മയാമിക്കുവേണ്ടി കളത്തിലിറങ്ങിയ മെസിയെ ലിയോണിന്റെ കൊളംബിയന്‍ പ്രതിരോധതാരം യൊഹാന്‍ റൊമാന മത്സരത്തിനിടെ ആലിംഗനം ചെയ്‌തത് വേറിട്ട കാഴ്‌ചയായി. ഈ ചിത്രം പിന്നീട് ക്ലബ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ ആശ്‌ളേഷം ലിയോണിന്റെയും ഏവരുടെയും ഫുട്‌ബോളിന്റെയും വകയാണ്. പ്രിയ ലയണല്‍ ഇതു നിനക്കുള്ളതാണ് എന്ന കുറിപ്പോടെ പോസ്‌റ്റ് ചെയ്‌ത ചിത്രം നിമിഷനേരംകൊണ്ടു തരംഗമായി.
ഗോളടിച്ച ഡാനിയെല്‍ പിന്ററിനെ പിന്‍വലിച്ചാണ് മെസിയെ രണ്ടാം പകുതിയില്‍ ഇന്റര്‍ മയാമി അവതരിപ്പിച്ചത്. പക്ഷേ, രണ്ടാം പകുതിയില്‍ പന്തുരുണ്ട് അഞ്ചുമിനിറ്റിനുള്ളില്‍ ലിയോണ്‍ സമനില പിടിച്ചു. ഡൈബര്‍ കാംബിന്‍ഡോയുടെ പാസില്‍ ഡാനിയെല്‍ ആര്‍സില ടീമിന്റെ ആദ്യഗോളിന് അവകാശിയായി.
മൂന്നു മിനിറ്റിനുള്ളില്‍ യാനിക് ബ്രൈറ്റിലൂടെ ഇന്റര്‍ മയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റില്‍ ജാസന്‍ ഡൊമിനിഗസ് വലചലിപ്പിച്ചതോടെ മത്സരം 2-2 എന്ന നിലയില്‍ ആവേശകരമായി. ജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും 85-ാം മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാമത്തെയും ടൂര്‍ണമെന്റിലെ നാലാമത്തെയും ഗോളിലൂടെ ആര്‍സില ലിയോണിനെ നോക്കൗട്ട് ഘട്ടത്തിലേക്കു കൈപിടിച്ചുകയറ്റി.
മേജര്‍ ലീഗ് സോക്കറിലെയും ലിഗ എം.എക്‌സിലെയും ആദ്യ നാലു സ്‌ഥാനക്കാരാണ് ലീഗ് കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനു യോഗ്യത നേടുന്നത്.






Comments