
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മികച്ച പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ കാലിടറി. മികച്ച കൂട്ടുകെട്ടുകളുയര്ത്തിയ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം ന്യൂസിലാന്‍ഡിനെതിരായ ആദ്യ സെമിയില്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. അഞ്ചു റണ്‍സിനിടെ ഇന്ത്യയുടെ മുന്‍നിര വമ്പന്മാര് കൂടാരം കയറിയപ്പോള്‍ കൂടെ പോന്നത് നാണംകെട്ട റെക്കോര്‍ഡും കൂടിയാണ്.
ഇന്ത്യയുടെ ആദ്യ മൂന്നു താരങ്ങളും ഒരു റണ്‍ മാത്രമെടുത്താണ് മടങ്ങിയത്. ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു താരങ്ങളും ഒരു റണ്‍ മാത്രമെടുത്ത് പുറത്താകുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരാണ് ഒരു റണ്‍ മാത്രമെടുത്ത് മടങ്ങിയത്.
നാലു പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത രോഹിത് ശര്‍മ്മയാണ് ആദ്യം മടങ്ങിയത്. മാറ്റ് ഹെന്റിയുടെ പന്തിലാണ് കീപ്പര്‍ ക്യാച്ച് നല്കി രോഹിത് മടങ്ങിയത്. പിന്നാലെ ആറു പന്തില്‍ ഒരു റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വീണു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ കോഹ്ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏഴു പന്തില്‍ ഒരു റണ്ണെടുത്ത രാഹുലിനേയും മാറ്റ് ഹെന്റിയാണ് മടക്കിയത്.




