മെല്‍ബണ്‍: ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്‌ന്‍ വോണിന്റെ മരണത്തിനു നാലു വര്‍ഷത്തിനു ശേഷം ഗുരുതര ആരോപണവുമായി മകന്‍ ജാക്‌സണ്‍.
2022 ല്‍ തായ്‌ലന്‍ഡിലെ കോ സാമുയി ദ്വീപിലെ റിസോര്‍ട്ടില്‍ വച്ചാണു വോണ്‍ മരിച്ചത്. തന്റെ പിതാവ് മൂന്നോ നാലോ തവണ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതനായതു മൂലമാണ് മരിച്ചതെന്ന് ഒരു പോഡ്‌കാസ്‌റ്റില്‍ സംസാരിക്കുമ്പോഴാണു ജാക്‌സണ്‍ വോണ്‍ വെളിപ്പെടുത്തിയത്‌്. ലെഗ് സ്‌പിന്‍ ഇതിഹാസമായ വോണ്‍ 52-ാം വയസിലാണു വിടവാങ്ങിയത്. ''മരണത്തില്‍ കോവിഡ് വാക്‌സീനു തീര്‍ച്ചയായും പങ്കുണ്ടെന്നു കരുതുന്നു. ഇതു പറയുന്നത് ഇപ്പോള്‍ ഒരു വിവാദമാണെന്ന് പോലും കരുതുന്നില്ല. പിതാവിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വാക്‌സിന്‍ അവയെ ഗുരുതരമാക്കിയെന്നാണു കരുതുന്നത്- ജാക്‌സണ്‍ പറഞ്ഞു. മരണ വാര്‍ത്ത കേട്ടയുടന്‍ ആദ്യ ചിന്ത, സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയെന്നായിരുന്നു. കോവിഡ് 19 വൈറസ് മഹാമാരിയെയും വാക്‌സിനെയും കുറ്റപ്പെടുത്തി- ജാക്‌സണ്‍ പറഞ്ഞു.
'മുന്‍പും ഒരുപാട് ആളുകള്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പക്ഷേ പിതാവിനു കുഴപ്പമൊന്നുമില്ലായിരുന്നു, അദ്ദേഹം മൂന്നോ നാലോ ഡോസുകള്‍ എടുത്തിട്ടുണ്ടാകുമെന്നു കരുതുന്നു. വോണിന് വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമില്ലായിരുന്നു, ജോലിക്കായി അവ എടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. മരിക്കുന്നതിനു മുമ്പ് നെഞ്ചു വേദനയെ കുറിച്ചു പറഞ്ഞിരുന്നതായും ജാക്‌സണ്‍ അനുസ്‌മരിച്ചു. 2021 ല്‍ വോണിന് കോവിഡ്-19 വൈറസ് ബാധയുണ്ടായിരുന്നു. പുകവലിയും മദ്യപാനവുമുണ്ടായിരുന്നിട്ടും വോണ്‍ ആരോഗ്യവാനായിരുന്നെന്നും ജാക്‌സണ്‍ പറഞ്ഞു. വോണ്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ഉത്തേജക മരുന്നുകള്‍ കണ്ടെത്തിയിരുന്നു.




