
ന്യൂഡല്‍ഹി: ലോകകപ്പില്‍ നിന്നും പുറത്തായതോടെ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മ ഇന്ത്യയില്‍ മടങ്ങിയെത്തി. ശനിയാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലാണ് രോഹിത് ശര്‍മ്മ ഭാര്യ റിതിക സജ്ദേഷിനും മകള്‍ സമൈറയ്ക്കുമൊപ്പം പറന്നിറങ്ങിയത്.
മുംബൈയില്‍ പറന്നിറങ്ങിയതിനു ശേഷം കുടുംബത്തിനൊപ്പം വിമാനത്താവളത്തിനു പുറത്തേയ്ക്കിറങ്ങുന്നതും വീട്ടിലേക്ക് വാഹനം ഡ്രൈവ് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തെത്തി. ലോകകപ്പില്‍ അഞ്ചു സെഞ്ചുറിയോടെയും ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടവും സ്വന്തമാക്കിയാണ് രോഹിത് ശര്‍മ്മ ഇംണ്ടില്‍ നിന്നും മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മയ്ക്കു ന്യൂസിലാന്‍ഡിനെതിരെ സെമിയില്‍ തിളങ്ങാനായില്ല. മുന്‍നിരയും മധ്യനിരയും ഒരു പോലെ തലതാഴ്ത്തി മടങ്ങിയ സെമി പോരാട്ടത്തില്‍ ഇന്ത്യ 18 റണ്‍സിന് ന്യൂസിലാന്‍ഡിനോട് പരാജയപ്പെടുകയായിരുന്നു. സെമിയില്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്.




