
മുംബൈ: ലോകകപ്പ് സെമിയില്‍ പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയുമായി ബന്ധപ്പെട്ട അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുകയാണ്. ടീമില്‍ വിഭാഗീകത ഉണ്ടായിരുന്നില്ലെങ്കിലും രണ്ടു പക്ഷമുണ്ടായിരുന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ടീമിന്റെ ചുമതല രണ്ടു നായകന്മാര്ക്കായി നല്കുന്ന കാര്യം ബിസിസി ആലോചിക്കുന്നു. ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയെയും നിയന്ത്രിത ഓവര്‍ മത്സര ടീമിനെ രോഹിതിനെ ഏല്‍പ്പിക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത് നടക്കുന്ന ബിസിസിഐ യുടെ അവലോകന യോഗത്തില്‍ ഈ നിര്‍ദേശം പരിഗണിച്ചേക്കും.
ഒരു നല്ല ടീമിനെ വാര്‍ത്തെടുക്കാനുള്ള നീക്കം ഇപ്പോഴേ തുടങ്ങണമെന്നും ഒരെണ്ണം അവസാനിച്ചതിന്റെ തൊട്ടു പിന്നാലെ അടുത്തതിനുള്ള നീക്കം തുടങ്ങണമെന്നും ബിസിസിഐ കരുതുന്നു. ഭാവിയിലേക്കുള്ള കാഴ്ചപ്പാട് എന്ന നിലയില്‍ രോഹിത് ശര്‍മ്മയെ ഏകദിന ട്വന്റി ടൂര്‍ണമെന്റുകള്‍ക്കും മത്സങ്ങള്‍ക്കും നായകനാക്കുമ്പോള്‍ വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിന്റെ നായകനാക്കാനാണ് ആലോചന. രോഹിതിനെ ഏകദിന നായകനാക്കാന്‍ പറ്റിയ സമയമാണ് ഇപ്പോഴെന്നും ഇപ്പോള്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹമാണെന്നും സെലക്ടര്‍മാര്‍ പറയുന്നു.
അടുത്ത ലോകകപ്പിലേക്ക് നിലവിലെ നായകനും മാനേജ്മെന്റും അദ്ദേഹത്തിന് പിന്തുണ നല്കട്ടെയെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനോട് തോറ്റതിന് പിന്നാലെ ടീമില്‍ രോഹിതിന്റെയൂം കോഹ്ലിയുടെയും രണ്ടു പക്ഷമുണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോച്ച് രവിശാസ്ത്രി, നായകന് കോഹ്ലി, മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് എന്നിവര്‍ റിവ്യൂ മീറ്റിംഗില്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ലോകകപ്പ് തുടങ്ങും മുമ്പ് ഫേവറിറ്റുകള്‍ ആയിരുന്ന ഇടത്തു നിന്നുമാണ് ടീം ഇന്ത്യ സെമിയില്‍ ന്യൂസിലന്റിനോട് തോറ്റത്.






