
ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ ഫൈനല്‍ കളിച്ചെങ്കിലും കപ്പ് കൈവിട്ടു പോകുക എന്ന ദുരന്തം മറികടക്കാന്‍ ഇത്തവണയും ന്യൂസിലന്റിനായില്ല. എന്നാല്‍ ഇത്തവണ അവസാന ശ്വാസം വരെ പോരാടിയ അവരെ ആദ്യ ഇന്നിംഗ്സില്‍ കാര്യമായി ബൗണ്ടറി നേടാന്‍ കഴിയാതെ പോയത് വിനയായെന്നുമാത്രം. മികച്ച ക്രിക്കറ്റ് കളിച്ച് ഒടുവില്‍ ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ എതിരാളികള്‍ വിജയിച്ചു കയറുന്നത് ഒരിക്കല്‍ കൂടി കണ്ടു നില്‍ക്കേണ്ട സ്ഥിതി വന്നു കിവികള്‍ക്ക്. ക്രിക്കറ്റിലെ വിചിത്ര നിയമങ്ങള്‍ ഇത്തവണയും ആരാധകരുടെ നെറ്റി ചുളിപ്പിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഫൈനലില്‍ ഉണ്ടായ ആദ്യ സൂപ്പര്‍ ഓവറായിരുന്നു ലോഡ്സില്‍ കണ്ടത്. നിശ്ചിത 50 ഓവറില്‍ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കപ്പെട്ടത്. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. 26 തവണയാണ് ഇംഗ്ലണ്ട് പന്ത് ബൗണ്ടറി കടത്തിയത്. ന്യൂസീലന്‍ഡ് മൂന്ന് സിക്സ് അടക്കം 17 ബൗണ്ടറികള്‍ നേടി. ഇത് സൂപ്പര്‍ ഓവറിന്റെ നിയമത്തില്‍ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം ആരാധകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല.
ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ ന്യൂസീലന്‍ഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു.
ഈ നിയമത്തിനെതിരേ മുന്‍താരങ്ങള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ബാറ്റ്സ്മാന്മാരെ അനുകൂലിക്കുന്ന നിയമം എന്ന വിമര്‍ശനം ഇപ്പോഴേ ഉയര്‍ന്നിട്ടുണ്ട്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫും പറയുന്നു. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത്. സൂപ്പര്‍ ഓവറും ടൈ ആയാല്‍ കിരീടം പങ്കിടുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നു.




