
ലക്നൗ: ഉത്തര് പ്രദേശില് ഭൂമി തര്ക്കത്തെത്തുടര്ന്ന് രണ്ടു സംഘങ്ങള് തമ്മിലുണ്ടായ വെടിവയ്പ്പിലും സംഘര്ഷത്തിലും മൂന്നു സ്ത്രീകള് ഉള്പ്പെടെ പത്തുപേര് മരിച്ച സംഭവത്തില് ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. കിഴക്കന് ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയില് നടന്ന അതിക്രൂരതയില് മുഖ്യ പ്രതിയായ യാഗ ദത്ത് 32 ട്രാക്ടറുകളിലായി 200 ഓളം പേരെ സംഭവ സ്ഥലത്തേക്ക് എത്തിച്ചിരുന്നുവെന്നും സംഭവത്തിന്റെ ദൃക്സാക്ഷി പറയുന്നു. യാഗ ദത്തിനെതിരെ പ്രദേശവാസികള് രംഗത്തെത്തിയതോടെ മുഖ്യ പ്രതി എത്തിച്ച ആളുകള് വെടിയുതിര്ക്കുകയായിരുന്നു.
അരമണിക്കൂറോളം വെടിവെയ്പ്പ് നീണ്ടുവെന്നും, ഈ സമയം ഗ്രാമവാസികള് നിലത്തു കിടന്ന് അഭയം തേടുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്. എന്നാല് ഈ സമയം വടികള് ഉപയോഗിച്ച് പ്രദേശവാസികളെ മര്ദ്ദിച്ചുവെന്നും ഇവര് പറഞ്ഞു. ആയുധങ്ങളും തോക്കുകളുമായാണ് സംഘം വന്നതെന്ന് പ്രദേശവവാസികള് അറിഞ്ഞിരുന്നില്ല. വെടിയുതിര്ത്തതോടെ ആളുകള് തലങ്ങും വിലങ്ങുൃം പ്രാണരക്ഷാര്ത്ഥം ഓടുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ടു വിഭാഗങ്ങള് തമ്മിലുണ്ടായ തര്ക്കമാണു സംഘര്ഷത്തില് കലാശിച്ചത്. നൂറോളം പേരടങ്ങുന്ന ജനക്കൂട്ടം രണ്ടു ചേരിയില് നിലയുറപ്പിച്ച് ഏറ്റുമുട്ടുകയായിരുന്നു. നാടന് തോക്ക് ഉപയോഗിച്ചു നടത്തിയ വെടിവയ്പ്പിലാണ് ഒമ്പതുപേര് കൊല്ലപ്പെട്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് അങ്കിത് കുമാര് അഗര്വാള് പറഞ്ഞു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള് നിയന്ത്രണവിധേയമാണെന്നും വന്പോലീസ് സംഘത്തെ മേഖലയില് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു







Comments