
ലണ്ടന്‍: രാജ്യത്തിന്റെ ഭരണനേതൃത്വം ക്രിക്കറ്റ് ഭരണത്തിലും അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബാംബ്യെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍( ഐസിസി) വിലക്കേര്‍പ്പെടുത്തി. വിലക്കു വീണതോടെ സിംബാബ്യ്ക്ക് ലഭിച്ചുവന്ന എല്ലാ സമ്പത്തിക സഹായങ്ങളും ഐസിസി നിര്‍ത്തലാക്കി. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ യോഗ്യതാ മത്സരങ്ങളും സിംബാംബ്വെയ്ക്കു നഷ്ടമാകും.
ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്വതന്ത്രപുര്വമാകണമെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.സിബാംബ്വെ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദവും കേട്ട ശേഷമാണ് ഐസിസി അന്തിമ തീരുമാനം എടുത്തത്. സിംബാബ്വെയില് നടന്ന കാര്യങ്ങള്‍ ഐസിസിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, ഇത്തരം നടപടികള്‍ അനുവദിച്ച് കൊടുക്കാനാകില്ലെന്നും ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി വിലക്കേര്‍പ്പെടുത്തുന്നത്.
അതേസമയം വിലക്കിനു പിന്നാലെ അതിവൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും താരങ്ങള്‍ പറയുന്നു. ക്രിക്കറ്റിനെ ഉപജീവനമാക്കിയ ഒട്ടേറെ പേരുടെ ജീവിതമാണ് ഇത്തരം നടപടിയിലൂടെ ഇരുട്ടിലാകുന്നതെന്നും, ബോര്‍ഡിനെ വിലക്കിയെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് താരങ്ങള്‍ ആവശ്യം ഉയര്‍ത്തുന്നു.






