
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീടെന്നു കരുതി എ.ബി.വി.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചത് ഭാര്യ പിതാവിന്റെ വീട്. വീട് മാറിയതറിയാതെ വരാന്തയില്‍ കുത്തിയിരുന്നു 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച നാലു എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൊഫസര്‍ മഹാദേവന് പിള്ളയുടെ ഭാര്യാമാതാവ് മാത്രമാണ് ഉപരോധം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പ്രവര്‍ത്തകര്‍ക്ക് അമളി പറ്റിയ കാര്യം മനസിലായെങ്കിലും പോലീസെത്തി അറസ്റ്റ് ചെയ്ത നീക്കുന്ന വരെ പ്രതിഷേധം തുടര്‍ന്നു.
രാവിലെ ഏഴു മണിയോടെയാണ് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വിഷ്ണുവിന്റെ നേതൃത്വത്തില്‍ വീടുപരോധിക്കാനെത്തിയത്. ആദ്യം കണ്ട വീടിന്റെ ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറി വരാന്തയിലിരുന്ന് മുദ്രാവാക്യം വിളി തുടരുകയായിരുന്നു. എന്നാല്‍ ഉപരോധിച്ചത് കേരള വിസി മഹാദേവന് പിള്ളയുടെ ഭാര്യ പിതാവും ലയോള കോളേജിലെ മുന്‍ അധ്യാപകനുമായ ടി.എസ്.എന്‍ പിള്ളയുടെ വീടാണെന്ന് പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല.
കേരളാ വൈസ് ചാന്‍സിലര്‍ മഹാദേവന് പിള്ള താമസിക്കുന്നത് അതിനു പുറകിലെ വീട്ടിലാണ്. ബഹളം കേട്ട് വൃദ്ധയായ ഭാര്യാമാതാവ് ഭയപ്പെട്ടിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് എസ്.ഐ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാലു പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലുള്ള പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പോലീസിന് വീഴ്ച പറ്റി. നാല് കെ.എസ്.യു വനിതാ പ്രവര്‍ത്തകര്‍ ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധമുയര്‍ത്തിയത്. ആറ് ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
പ്രതിഷേധം തടയാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും വലിയ വീഴ്ചയായി. പത്തു മിനിറ്റോളം പ്രതിഷേധം നടത്തിയ സമരക്കാരെ മ്യൂസിയം സ്റ്റേഷനില്‍ നിന്ന് വനിത പോലീസ് എത്തിയ ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ 72 മണിക്കൂര്‍ സമരം ഇന്ന് അവസാനിച്ചു.






