
തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര നിയമം ലംഘിച്ചതായി പരാതി. ആനയൂട്ടിനിടെ കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാണിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് ഗവര്‍ണര്‍ക്ക് പരാതി നല്കി.
ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന വനംവകുപ്പിന്റെ വ്യക്തമായ നിര്‍ദേശം നിലനില്‍ക്കുന്നതായി മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന സനദ്ധ സംഘടനയായ ആനിമല്‍ ടാസ്ക് ഫോഴ്സിന്റെ സെക്രട്ടറി വെ.കെ വെങ്കിടാചലം പറഞ്ഞു. ബാരിക്കേടുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്. പോലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിര്‍ത്തുന്നത്. തൃശൂര്‍ പൂര സമയത്ത് യതീഷ് ചന്ദ്ര ഈ അകലം കര്‍ശനമായി നടപ്പാക്കിയ വ്യക്തിയാണ്. ഇതിന്റെ ചിത്രങ്ങള്‍ യതീഷ് ചന്ദ്രതന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തല്‍ നിയമം അറിയാവുന്ന വ്യക്തി തന്നെ നിയമ ലംഘനം നടത്തിയത് വിരോധാഭാസമാണെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടിയെ തോളിലേറ്റി പരസ്യമായിട്ടാണ് യതീഷ് ചന്ദ്ര ആനയെ തൊട്ടത്. ആനയും ബാരിക്കേടും തമ്മില്‍ 50 സെന്റി മീറ്റര്‍ അകലമാണ് ഉള്ളത്. ഈ അകലത്തില്‍ നിന്നുകൊണ്ടുപോലും യതീഷ് ചന്ദ്ര ആനയെ തൊടുന്നുണ്ട്. മൂന്നു മീറ്ററിന്റെ അകലം പാലിക്കാതെ കുട്ടിയെ കൊണ്ടും യതീഷ് ചന്ദ്ര ആനയെ തൊടുപ്പിച്ചു. ഇത് ഗുരുതരമായ തെറ്റാണെന്നും ക്യാമറയുടെ മുന്‍പിലാണ് യതീഷ് ചന്ദ്ര പരസ്യമായ നിയമലംഘനം നടത്തിയതെന്നും വെങ്കിടാചലം ആരോപിച്ചു.
ഗണേശ് കുമാര്‍ മന്ത്രിയായിരുന്ന കാലത്താണ് അകലം സംബന്ധിച്ച ഉത്തരവിട്ടത്. വനംവകുപ്പും സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ കോപ്പി അയച്ചുതൊടുത്തിട്ടുണ്ടെന്നും വെങ്കിടാചലം പറഞ്ഞു.
എല്ലാ വര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതി തൃശൂര്‍ വടക്കുനാഥ സന്നിധിയില്‍ ആനയൂട്ട് നടത്താറുണ്ട്. ഇക്കുറി ആനയൂട്ടിന് എത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മകന് വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് ഇത് വിവാദമായത്.