
പാലക്കാട്: മുന്‍ എം.പി എ സമ്പത്തിന് പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും.
സമ്പത്തിന് സമ്പത്തുകാലം വരുന്നെന്നാണ് സുരേന്ദ്രന് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ കുടിയിരുത്താന്‍ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ആപ്പീസുമടക്കം ഒരു വര്‍ഷം കോടികള്‍ കേരളഖജനാവില്‍ നിന്ന് കൊടുക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
'കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന് വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...'
സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. സമ്പത്തിന് ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കും. 2009മുതല്‍ പത്ത് വര്‍ഷക്കാലും ആറ്റിങ്ങല്‍ എം.പിയായിരുന്ന എ. സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടയായി വിശേഷിപ്പിക്കുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സി.പി.എമ്മിന് നല്‍കിയത്.
കെ. സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയില്‍ കുടിയിരുത്താന്‍ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരളഖജനാവില്‍ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങള്‍ക്കുള്ള അംബാസിഡര്‍. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്കാര കമ്മീഷന് പോലെ കോടികള്‍ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന് വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...





