
ഇംഗ്ളീഷ് ബൗളര്‍മാരുടെ ഇരമ്പുന്ന പന്തുകള്‍ക്കൊപ്പം തിങ്ങി നിറഞ്ഞ ഗ്യാലറിയുടെ കൂവലിനെയും അടിച്ചു പറത്തി ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എഡ്ജ്ബാസ്റ്റണില് നേരിടുന്ന ഓരോ പന്തിലും തന്നെ കൂവിയ ഇംഗ്ളീഷ് കാണികളെ നിഷ്പ്രഭരാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് നേടിയത് ടെസ്റ്റ്കരിയറിലെ 24 ാം ശതകം. കുറഞ്ഞ സ്കോറിന് പുറത്താകുമായിരുന്ന ഓസീസിന്റെ ഒന്നാം ഇന്നിംഗ്സില്‍ സ്മിത്ത് സെഞ്ച്വറിയുമായി നെടുന്തൂണായി.
വിലക്ക് നേരിട്ട പന്തുചുരണ്ടല്‍ വിവാദത്തിനും ശിക്ഷാ കാലാവധിക്കും ശേഷം ആദ്യ ടെസ്റ്റ് കളിക്കാനെത്തിയ സ്റ്റീവ് സ്മിത്തിന് സന്തോഷകരമായ അനുഭവം ആയിരുന്നില്ല എഡ്ജ്ബാസ്റ്റണിലെ കാണികള്‍ നല്‍കിയത്. താരം തൊടുന്ന ഓരോ പന്തിലും അവര്‍ കൂവിവിളിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതോടെ മോണിംഗ് സെഷനില്‍ കരയുന്ന മുഖത്തോടെയാണ് സ്മിത്ത് കയറിയത്. എന്നാല്‍ അതിന് ശേഷം അസാധാരണ മാനസീക ധൈര്യം കാട്ടിയ താരം തന്നെ കൂവിതോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ളീഷുകാര്‍ക്ക് കാട്ടിക്കൊടുത്തു. ആദ്യദിവസം അവസാനിച്ചപ്പോള്‍ തകര്‍പ്പനൊരു കവര്ഡ്രൈവിലൂടെയാണ് സ്മിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പത്താം വിക്കറ്റില്‍ പീറ്റര്‍ സിഡിലിനൊപ്പം 88 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത സ്മിത്ത് 11 ാം നമ്പറുകാരന് നഥാന്‍ ലിയോണിനൊപ്പം മറ്റൊരു 74 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തതോടെ 122 ന് എട്ട് എന്ന നിലയില്‍ തകര്‍ന്നുപോയ ഓസീസ് ഇന്നിംഗ്സിനെ 284 ലേക്ക് പുതുക്കി പണിതു. ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റുമെല്ലാം വീണു പോയിടത്താണ് സ്മിത്ത് തലയുയര്‍ത്തി നിന്നത്്. ഒടുവില്‍ 144 റണ്‍സ് എടുത്ത സ്മിത്ത് അഞ്ചു വിക്കറ്റ് നേട്ടം സമ്പാദിച്ച ബ്രോഡിന് മുന്നില്‍ കീഴടങ്ങി.
സത്യസന്ധമായിരിക്കുന്നിടത്തോളം ഈ കൂവലുകളെ താന്‍ ഗൗരവമായി എടുക്കുന്നില്ലെന്നും റൂമില്‍ ടീമംഗങ്ങളുടെ പിന്തുണ പ്രചോദനമായെന്നും സ്മിത്ത് പറഞ്ഞു. സെഞ്ച്വറി നേടി നോക്കുമ്പോള്‍ ബാല്‍ക്കെണിയില്‍ അവര്‍ നില്ക്കന്നത് കണ്ടപ്പോള്‍ നട്ടെല്ലിലൂടെ ഒരു വിറയല്‍ കടന്നുപോയി. ദീര്‍ഘകാലത്തിന് ശേഷം മറ്റൊരു സെഞ്ച്വറി. അതൊരു വാക്കുകള്‍ നഷ്ടമായ മഹത്തായ മുഹൂര്‍ത്തം ആയിരുന്നു. എന്തു പറയണമെന്ന് പോലും അറിയില്ലായിരുന്നു. സ്മിത്ത് പറഞ്ഞു. ഒരിക്കലും ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് കരുതിയതല്ലെന്നും പന്തു ചുരണ്ടലിനെ തുടര്‍ന്നുണ്ടായ 12 മാസത്തെ വിലക്ക് കളിയോടുള്ള താല്‍പ്പര്യം പോലും കുറച്ചു കാലത്തേക്ക് നഷ്ടപ്പെടുത്തിയെന്നും താരം പറഞ്ഞു.






