
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ മരണമടഞ്ഞ സംഭവത്തില്‍ ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറുപ്പിച്ച കാര്‍ ഓടിച്ചിരുന്നത് സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പോലീസ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ മ്യൂസിയത്തിന് സമീപത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ പോലീസ് എഫ്ഐആറില്‍ ഡ്രൈവറുടെ പേര് ചേര്‍ക്കാതെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 10 മണിക്കൂറിന് ശേഷം ശ്രീറാമായിരുന്നു ഡ്രൈവറെന്ന് പോലീസ് കണ്ടെത്തി.
കാര്‍ ഓടിച്ചിരുന്നത് ശ്രീറാമായിരുന്നു എന്ന് വാഹനത്തില്‍ കൂടെയുണ്ടായിരുന്ന സ്ത്രീ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അപകട സമയത്ത് വഫാ ഫിറോസ് എന്ന മോഡലാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും കണ്ടെത്തിയിട്ടുണ്ട്. കവടിയാര്‍ ഭാഗത്ത് നിന്നുമാണ് ശ്രീറാം വെങ്കിട്ടരാമന് തന്റെ കാറില്‍ കയറിയതെന്നും അതിന് ശേഷം വാഹനം ഓടിച്ചത് ശ്രീറാമിരുന്നെന്നും പോലീസിന് മൊഴി നല്കി. അതിവേഗത്തില്‍ വന്ന പാഞ്ഞ കാര്‍ കവടിയാറില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പിന്നിടും മുമ്പ് അപകടം നടന്നു.
കാര്‍ ഓടിച്ചത് യുവതി ആയിരുന്നെന്നാണ് ശ്രീറാം പോലീസിന് നല്കിയ മൊഴി. എന്നാല്‍ ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്ന പോലീസ് ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷമേ ഡ്രൈവറുടെ പേര് ഉൾപ്പെടുത്തുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിന് ശേഷം പോലീസ് യുവതിയെ ഊബര്‍ ടാക്സി വിളിച്ച് പോലീസ് വിട്ടയച്ചു. യുവതിയെ പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷമാണ് പോലീസ് തിരിച്ചു വിളിച്ചത്. യുവതിയുടെ രക്തപരിശോധന നടത്തിയതില്‍ വഫ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്കിയ മൊഴി. അപകടം നടന്നയുടന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ശ്രീറാമിന് രൂക്ഷമായ മദ്യഗന്ധം ഉണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. വാഹനമിടിച്ച ശേഷം ബഷീറിനെ ബൈക്കില്‍ നിന്നും എടുത്തു നിലത്ത് കിടത്തിയത് ശ്രീറാമാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ സിസിടിവി ദൃശ്യം പരിശോധിക്കുമെന്നും ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചതെങ്കില്‍ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നുമാണ് പോലീസ് ഉന്നതവൃത്തങ്ങള്‍ പറയുന്നു.
സംഭവത്തില്‍ ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തുകയും ചെയ്തു. മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിട്ടും സംഭവ സ്ഥലത്തുനിന്നും യുവതിയെയും ശ്രീറാമിനെയും പോകാന്‍ സഹായിച്ചു. കാല് നിലത്തുറയ്ക്കാന്‍ കഴിയാത്ത വിധത്തിലാണ് ശ്രീറാം കാറില്‍ നിന്നും പുറത്തിറങ്ങിയതെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഓട്ടോക്കാരുടെ മൊഴികള്‍. പരിക്കേറ്റ ബഷീറുമായി ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിന്റെ പരിക്കുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രക്ത പരിശോധന നടത്താന്‍ പോലീസ് കൂട്ടാക്കിയില്ല. യുവതിയെ പിന്നീട് ഊബര്‍ ടാക്സി വിളിച്ചയച്ച പോലീസ് ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ പോകാനും അനുമതി നല്കി. 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്.






