
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റിയതിന് പിന്നാലെ ഈ വിഷയം അന്താരാഷ്ട്രവേദിയില്‍ ഉന്നയിക്കാനുള്ള ശ്രമം പരാജയപ്പെട്ട് പാകിസ്താന്. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ പെട്ട പ്രബല രാഷ്ട്രങ്ങള്‍ നിലപാട് എടുത്തതോടെ വിഷയത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോയെന്ന ആവലാതിപ്പെടുകയാണ് പാകിസ്താന്.
ഇസ്ളാമിക രാജ്യങ്ങള്‍ പോലും കശ്മീര്‍ വിഷയം ഉന്നയിക്കുമ്പോള്‍ മുഖം തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് റഷ്യയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ തലയിടാനില്ലെന്ന് റഷ്യ പറഞ്ഞു. പിന്നാലെ അമേരിക്കയും ഈ നിലപാട് എടുത്തു.
ചൈന, യുകെ, ഫ്രാന്‍സ് എന്നിവര്‍ മൗനം സമ്മതം എന്നപോലെ നിശബ്ദതയും പാലിച്ചതോടെയാണ് കശ്മീര്‍ വിഷയം ലോകത്തിന് മുന്നിലേക്ക് നീട്ടി വെച്ച പാക് നിലപാട് പരാജയപ്പെട്ടത്. ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ കാര്യത്തില്‍ അജണ്ഡയുണ്ടെന്നും കശ്മീര്‍ വിഷയത്തില്‍ ആരും തങ്ങളെ പിന്തുണയ്ക്കാത്തതിന് കാരണം ഇന്ത്യയെന്ന കമ്പോളമാണെന്നും പാകിസ്താന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ നൂറുകോടി ജനതയുള്ള വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിരവധി രാജ്യങ്ങള്‍ക്ക് നിക്ഷേപ താല്‍പ്പര്യങ്ങളുമുണ്ട്.
മുസ്ളീം രാജ്യങ്ങള്‍ക്ക് പോലും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പോലും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്ന് പാകിസ്താന് പറഞ്ഞു. ‘‘രക്ഷാസമിതിയില്‍ അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. അവര്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല. ഇക്കാര്യം അറിഞ്ഞിരിക്കണം.’’ പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.






