
ഒരാളുടെ സമയം എപ്പോഴാണ് ഉദിക്കുന്നതെന്ന് ആര്‍ക്കറിയാം. പക്ഷേ എല്ലാ ജോലിക്ക് പിന്നിലും കഠിനാദ്ധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും കരുത്ത് വിസ്മരിക്കാനാകില്ലല്ലോ. പറഞ്ഞുവരുന്നത് ഒരിക്കല്‍ അനാഥനായിരുന്നവനും ജീവിക്കാന്‍ മറ്റുള്ളവരുടെ ഭക്ഷണാവശിഷ്ടങ്ങളെ ആശ്രയിച്ചവനും ലോകത്തിന്റെ വിരിമാറായ തെരുവില്‍ കിടന്നുറങ്ങിയവനുമായ വിക്കി റോയിയെ കുറിച്ചാണ്. ഇന്നവന് ലോകമറിയുന്ന ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഫോര്‍ബ്സിന്റെ 30 ല്‍ താഴെ പ്രായമുള്ള ജീവിതവിജയം നേടിയ ഏഷ്യന്‍ പട്ടികയിലെ മുപ്പതാമനാണ്.
ഒരിക്കല്‍ തെരുവിലെ റാഗി പെറുക്കി നടന്നിരുന്ന പയ്യന് വിക്കി റോയി എന്ന ലോകം ആരാധിക്കുന്ന ഫോട്ടോഗ്രാഫറായി നേടിയ വളര്‍ച്ച ഒരുപക്ഷ സിനിമയെ പോലും വിസ്മയിപ്പിക്കും. ദരിദ്രമായ ചുറ്റുപാടില്‍ മുത്തച്ഛന്റെ പീഡനം സഹിക്കാതെ വീടുവിട്ടോടേണ്ടി വന്നതും ഡല്‍ഹിയിലെ തെരുവുകളിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതിയതും ഉള്‍പ്പെടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിക്കിറോയി പറഞ്ഞ കഥ ഇപ്പോള്‍ യുവതയുടെ പ്രചോദനമായി ഇന്റര്‍നെറ്റില്‍ തരംഗം തീര്‍ക്കുകയാണ്.
കുട്ടിയായിരിക്കെ തെരുവില്‍ റാഗി പെറുക്കി നടന്നതും. ദാബകളില്‍ കഠിനമായി ജോലി ചെയ്തിരുന്ന കാലത്ത് ജീവന് പിടിച്ചു നിര്‍ത്താന്‍ മറ്റുള്ളവര്‍ കഴിച്ച് ബാക്കി വെച്ച ഭക്ഷണം കഴിച്ചതും പിന്നീട് ഒരു ഡോക്ടര്‍ മുഖാന്തിരം ബാലസദനത്തില്‍ എത്തപ്പെട്ട് വെറും 499 രൂപയ്ക്ക് കിട്ടിയ ഒരു ക്യാമറ ജീവിതം മാറ്റിമറിച്ചതുമെല്ലാം പോസ്റ്റില്‍ റോയി ഓര്‍ക്കുന്നു. ഇങ്ങിനെ പോകുന്നു വിക്കിയുടെ കഥ.
‘‘മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ എന്നെ മുത്തച്ഛനെ ഏല്‍പ്പിച്ചിട്ട് ഉപേക്ഷിച്ചു പോയി. കഠിനഹൃദയനായിരുന്ന മുത്തച്ഛന് നിരന്തരം അടിക്കുമായിരുന്നു. മികച്ച ജീവിതം തേടി ആള്ക്കാര് ഗ്രാമം വിട്ട് നഗരത്തിലേക്ക് ചേക്കേറുന്ന കഥകള്‍ കേട്ടു തുടങ്ങിയതോടെ 11 ാം വയസ്സില്‍ മുത്തച്ഛന്റെ പണവും മോഷ്ടിച്ച് ഡല്‍ഹി നഗരത്തിലേക്ക് ട്രെയിന്‍ പിടിച്ചു. പക്ഷേ അവിടെ റാഗി പെറുക്കലും ട്രെയിനില്‍ വെള്ളം വില്‍പ്പനയുമാണ് കാത്തിരുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങി. പട്ടിണിമരണം ഉണ്ടാകാതെ ഈ ജോലികള്‍ കാത്തു. പിന്നീട് ദാബയില്‍ പാത്രം കഴുകല്‍ ജോലി കിട്ടി. അവര്‍ വിശ്രമിക്കാന്‍ പോലും ഇട നല്‍കാതെ ജോലി ചെയ്യിച്ചു. മറ്റുള്ളവരുടെ ഉച്ചിഷ്ടം യഥേഷ്ടം കിട്ടുന്നു എന്നതായിരുന്നു അതില്‍ നിന്നും കിട്ടിയ ഏക ഗുണം.
വൃത്തിഹീനമായ സാഹചര്യത്തിലൂടെയുള്ള ജീവിതം അണുബാധയിലേക്ക് നയിച്ചു. ചികിത്സ തേടിയെത്തിയപ്പോള്‍ എന്റെ സാഹചര്യം മനസ്സിലാക്കിയ ഡോക്ടറാണ് മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കുന്ന സലാം ബാലക് എന്ന എന്‍ജിഒ യെ പരിചയപ്പെടുത്തിയത്. അവിടെ ജീവിതം കൂറേക്കൂടി മെച്ചമായിരുന്നു. ദിവസം മൂന്ന് നേരം ഭക്ഷണം കിട്ടി. ധരിക്കാന്‍ വസ്ത്രങ്ങളും തലയ്ക്ക് മുകളിലേക്ക് മച്ചിന്റെ തണലും വന്നു ചേര്‍ന്നു. സ്കൂളില്‍ പഠിക്കാനും സാഹചര്യം കിട്ടി. ഇതിനിടയിലാണ് ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ സന്ദര്‍ശനത്തിന് ബാല സദനത്തില്‍ എത്തിയത്്. അദ്ദേഹം ഒട്ടേറെ ചിത്രങ്ങള്‍ കാട്ടി. അത് എന്നെ സ്വാധീനിച്ചു. അദ്ദേഹത്തെ പോലെ ഫോട്ടോയിലാക്കി തെരുവിലെ ജീവിതത്തിനിടയില്‍ കണ്ട ലോകത്തിന് തീരെ പരിചിതമല്ലാത്ത മനുഷ്യത്വത്തിന്റെ ഇരുണ്ട ഇടങ്ങളുടെ കാഴ്ചകള്‍ പകര്‍ത്താന്‍ കൊതി തോന്നി.
18 തികഞ്ഞപ്പോള്‍ 499 രൂപ വിലയുള്ള ക്യാമറ കിട്ടിയതും എന്‍ജിഒ വഴിയായിരുന്നു. പ്രദേശത്തെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് കീഴില്‍ ഇന്റേന്ഷിപ്പും കിട്ടി. ഈ ഫോട്ടോഗ്രാഫര്‍ വഴിയാണ് 'സ്ട്രീറ്റ് ഡ്രീംസ് ' എന്ന ആദ്യ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് സഹായിച്ചതും. തെരുവിലെ എന്റെ ജീവിതം തന്നെയായിരുന്നു ക്യാമറയില്‍ പതിഞ്ഞത്. അത് എന്നെയും ഭൂപടത്തില്‍ ചേര്‍ത്തു. ആള്ക്കാര് എന്റെ ഫോട്ടോകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ ലോകം ചുറ്റാന്‍ അവസരം വന്നു. ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം അത് ജീവിതം മാറ്റിമറിച്ചു. ന്യൂയോര്‍ക്ക്, ലണ്ടന്‍, ദക്ഷിണാഫ്രിക്ക, സാന്‍ഫ്രാന്‍സിസ്കോ തുടങ്ങി എന്റെ വേദികള്‍ മാറിക്കൊണ്ടിരുന്നു.
ഇപ്പോള്‍ ഞാന്‍ ഫോബ്സിന്റെ 30 വയസ്സില്‍ താഴെയുള്ളവരിലെ മുപ്പതാമനാണ്. ലോകം പ്രകീര്‍ത്തിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ആദരിക്കപ്പെടുന്നു. ടെലിവിഷനിലേക്ക് വരുന്നു. അടുത്തിടെയാണ് എന്റെ ഗ്രാമം പോലും എന്നെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ അവരുടെ വിളികളുടെ പ്രളയമാണ്. ഉദിച്ച നക്ഷത്രത്തോടെയല്ല എല്ലാവരും ജനിക്കുന്നതെന്നും അല്ലെങ്കില്‍ കുപ്പയില്‍ കിടക്കുന്നവര്‍ക്ക് പോലും ഉയരങ്ങളില്‍ എത്താനാകുമെന്നും ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നു. എന്റെ സ്വപ്നത്തിലേക്ക് ഞാന്‍ അടുത്തപ്പോള്‍ എവിടെ നിന്നാണ് വന്നതെന്നോ ആരായിരുന്നെന്നേ തുടങ്ങിയ എല്ലാം അപ്രസക്തമാകുന്നു. കൊടുങ്കാറ്റുകള്‍ക്ക് അപ്പുറത്ത് ഒരു ശാന്തത ഉണ്ടെന്നും അവിടെ ഒരു സൂര്യോദയം ഉണ്ടെന്നുമുള്ള തിരിച്ചറിവാണ് എല്ലാവരേയും ഉയരങ്ങളില്‍ എത്തിക്കുന്നത്. ’’ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് വലിയ സ്വീകാര്യതയാണ് നെറ്റിസണ് മാരില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഇതിനകം 18000 ലൈക്കുകളും 13,000 ഷെയറുകളും 898 കമന്റുകളും കിട്ടിക്കഴിഞ്ഞിരിക്കുകയാണ്.






