
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തിര യോഗം വിളിക്കണമെന്ന ആവശ്യമുയര്‍ത്തി ചൈന. ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനോടാണ് കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ചൈന കത്തിലുടെ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ പാക്ക് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചൈനയുടെ നീക്കമെന്നാണ് സൂചന.
അതിനിടെ ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയര്‍ത്തി പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്തെത്തി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ജനങ്ങള്‍ തയാറാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വ്യക്തമാക്കി.






