ജെയ്പൂര്‍: രാജസ്ഥാനില്‍ പെഹ്ലു ഖാനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്ന സംഭവം വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍. കേസില്‍ പ്രതികളായിരുന്ന ആറ് പേരെയും ദൃശ്യങ്ങളടക്കം തെളിവുകള്‍ ഉണ്ടായിരുന്നിട്ടും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാന് സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും രാജസ്ഥാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെഹ്ലു ഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ രാജസ്ഥാന് സര്‍ക്കാരിന് ബാധ്യതയുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നുവെന്നും അശോക് ഘെലോട്ട് പ്രതികരിച്ചു.
പെഹ്ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ആല്‍വാര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങളകട്ടം ലഭ്യമായിട്ടും അത് തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വിട്ടയച്ചത്. 2017 ഏപ്രില്‍ ഒന്നിന് ഫാമിലേക്കുള്ള പശുക്കളെ വാങ്ങിക്കൊണ്ട് വരുന്ന വഴിക്കാണ് പെഹ്ലു ഖാനെ ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമിച്ചത്.






