ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദിവസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവില്‍ കുറഞ്ഞ വേഗതയുള്ള 2ജി നെറ്റ്വര്‍ക്ക് പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് മുമ്പ് മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളോട് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് വീണ്ടും ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു മേഖലയിലെ ജമ്മു, സാമ്പ, കത്വ, ഉദംപൂര്‍, റിയാസി എന്നീ ജില്ലകളിലാണ് വീണ്ടും ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമാണ് ഇവിടങ്ങളിലെ നിയന്ത്രണം പിന്‍വലിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് 4നാണ് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനാജ്ഞ പിന്നീട് പിന്‍വലിച്ചിരുന്നു. മറ്റ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കശ്മീര്‍ ചീഫ് സെക്രട്ടറിയും മറ്റ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.






