
മലപ്പുറം: പോത്തുകല്ല് കവളപ്പാറയ്ക്കടുത്തു പാതാറില്‍ മാവുങ്ങല്‍ ഷെരീഫിന്റെ സ്വപ്നവസതി ആരെയും ആകര്‍ഷിക്കുന്ന മനോഹരനിര്മിതിയായിരുന്നു. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഈ വീടിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ െവെറലാണ്. ഏറെ പ്രതീക്ഷകളോടെ, ഒരുവര്‍ഷം മുമ്പാണ് 73 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ വീട്ടില്‍ ഷെരീഫും കുടുംബവും താമസമാരംഭിച്ചത്.
പാതാറിലേക്കു താമസം മാറ്റിയതോടെ വേങ്ങരയില്‍ നടത്തിയിരുന്ന കാറ്ററിങ് സര്‍വീസ് ആറുമാസം മുമ്പ് അവസാനിപ്പിച്ചു. സമ്പാദ്യമെല്ലാം ഉപയോഗിച്ച്, പുതിയ വീടിന്റെ 50 മീറ്റര്‍ അപ്പുറം പാതാര്‍ അങ്ങാടിയില്‍ ഒരു ഇരുനിലക്കെട്ടിടവും പണിതു. താഴെയും മുകളിലും മൂന്നുവീതം മുറികളുള്ള കെട്ടിടം വാടകയ്ക്കു കൊടുത്ത് ലഭിക്കുന്ന വരുമാനത്തിലായിരുന്നു പ്രതീക്ഷ. പണി പൂര്‍ത്തിയായി, പെയിന്റിങ്ങും കഴിഞ്ഞ്, വാടകയ്ക്കു കൊടുക്കാനിരിക്കേയാണു വീടിനൊപ്പം കെട്ടിടവും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയത്. ആകെ 1.60 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ഷെരീഫ് പറയുന്നു.
ഉരുള്‍പൊട്ടലില്‍ വീടിന്റെ പിന്‍വശം പൂര്‍ണമായി തകരുകയും താഴത്തെ മുറികള്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോകുകയും ചെയ്തു. നിലവില്‍ വീടിനുള്ളില്ക്കൂടിയാണു പുഴപോലെ വെള്ളമൊഴുകുന്നത്. വീട് ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്നു ദുരന്തനിവാരണസേന മുന്നറിയിപ്പ് നല്കുന്നു. 61 സെന്റ് സ്ഥലത്താണു ഷെരീഫ് വീട് നിര്‍മിച്ചത്. ഇവിടെ സെന്റിന് ഒന്നേകാല്‍ ലക്ഷം രൂപയാണു വിപണിവില. വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടം പണിതതു നാലു സെന്റിലാണ്. ആറുമാസം മുമ്പു വാങ്ങിയ കാര്‍, സ്വര്‍ണാഭരണങ്ങള്‍, ബുള്ളറ്റ് െബെക്ക്, കൃഷി, വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം മഴവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടു. ഉള്പൊട്ടലുണ്ടാകുമ്പോള് ഷെരീഫും കുടുംബവും വീട്ടിലുണ്ടായിരുന്നു.
അപകടസൂചന ലഭിച്ചതോടെ മാതാവിനെയും ഭാര്യയേയും മക്കളെയും കൂട്ടി ജീവനുംകൊണ്ട് ഓടി. ഇതിനിടെ കല്ലും മരക്കഷണങ്ങളും വന്നിടിച്ച് ഷെരീഫിന്റെ കാലിനു ഗുരുതരപരുക്കേറ്റു. ദുരന്തശേഷം സഹോദരന് നാസറിന്റെ വീട്ടിലാണു ഷെരീഫും മാതാവ് ഇത്താച്ചുമ്മ, ഭാര്യ ജംഷീല ബാനു, മക്കളായ ഷിെഫെല്, ഷിഫാസ്, ഷിജാസ്, സിനാന് എന്നിവരും താമസിക്കുന്നത്. വീട് പുതുക്കിപ്പണിത് അവിടെത്തന്നെ താമസിക്കാനാണ് ആഗ്രഹമെന്നു ഷെരീഫ് പറയുമ്പോഴും, ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇനി വീടുവയ്ക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.






