
വയനാട്: പുത്തുമല ഉരുള്‍പൊട്ടലുണ്ടായി കഴിഞ്ഞ് 2 ആഴ്ച അടുക്കുമ്പോഴും ഇനിയും അഞ്ച് പേരെ ഇവിടെ നിന്നും കണ്ടെത്താനുള്ള സാഹചര്യത്തില്‍ തിരച്ചില്‍ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൂചിപ്പാറയ്ക്ക് സമീപത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നാട് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തിരച്ചില്‍ വ്യാപിപിച്ചത്. മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ വിവിധ ഇടങ്ങളിലായിരുന്നു ഇന്ന് തിരച്ചില്‍.
കാടാശേരി ഭാഗത്ത് പരപ്പന്‍ പാറ കോളനിയിക്ക് താഴെ ചാലിയാറിലൂടെയാണ് തിരിച്ചില്‍ മുന്നോട്ട് നീങ്ങുന്നത്. ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ ഡോക്ടര്‍മാര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന, എന്‍ഡിആര്‍എഫ് പ്രതിനിധികള്‍ എന്നിവരുടെ വലിയ സംഘമാണ് തിരിച്ചിലിന് ഇറങ്ങിയിരിക്കുന്നത്. 25 അംഗ സംഘമാണ് നിലമ്പൂരിലേക്ക് നീണ്ടുകിടക്കുന്ന വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ തിരച്ചില്‍ നടത്തുന്നത്.
അതേസമയം പുത്തുമലയ്ക്കപ്പുറം ചൂരല്‍മല പ്രദേശത്തേക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കുകയും വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കുകയും ചെയ്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലധികവും അവസാനിപ്പിച്ചു. ഇനി 15 ക്യാമ്പുകളിലായി 249 കുടുംബങ്ങള്‍ മാത്രമാണുള്ളത്.
പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പുത്തുമലയില്‍ നിന്നും ഏഴു കീലോമീറ്ററോളം താഴെയാണ് തെരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാര്‍ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കാനും കഴിയാത്ത സാഹചര്യമാണ്.
പ്രകൃതി ദുരന്തത്തില്‍ പുത്തുമലയില്‍ കാണാതായ 5 പേരെയും കവളപ്പാറയില്‍ കാണാതായ 11 പേരെയുമാണ് ഇനിയും കണ്ടെത്തേണ്ടത്. കാണാതായവരെ കണ്ടെത്താന്‍ ദേശിയ ദുരന്തനിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്.






