
കോട്ടയം: കെവിന് താഴ്ന്ന ജാതിക്കാരനാണ്, അവനൊപ്പം ജീവിക്കാമെന്നു കരുതേണ്ട, രണ്ടിനെയും വെട്ടിക്കൊല്ലും' പിതാവ് ചാക്കോ തന്നോട് ഇങ്ങനെ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ നിര്‍ണായക മൊഴിയാണു കെവിന് വധക്കേസ് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയാണെന്ന ഉത്തരവിലേക്കു കോടതിയെത്തിയത്. സമ്മര്‍ദങ്ങളെ അതിജീവിച്ച് ഒരുദിനം മുഴുവന്‍ നീണ്ടു നിന്ന നീനുവിന്റെ മൊഴികള്‍ നിര്‍ണായകമായി. പ്രതിക്കൂട്ടില്‍ പിതാവും സഹോദരനും നില്‍ക്കേ, നിര്ഭയമാണു നീനു കാര്യങ്ങള്‍ പറഞ്ഞത്.
ഇരുവരുടെയും മുഖത്തുപോലും നോക്കാതെ പ്രതിഭാഗം ചേദ്യങ്ങള്‍ക്കു മുന്നിലും പതറാതെ മറുപടികള്‍ നല്‍കിയിരുന്നു. കേസിലെ മുഖ്യസാക്ഷിയായ അനീഷും ജാതിവിവേചനമാണ് കൊലയ്ക്കു പിന്നില്‍ എന്നതരത്തില്‍ മൊഴി നല്‍കിയിരുന്നു. കെവിനെയും തന്നെയും തട്ടിക്കൊണ്ടുപോകുന്നതിനിടെ താഴ്ന്ന ജാതിക്കാരയ നിനക്കൊന്നും ഞങ്ങളുടെ പെങ്ങളെ വിട്ടുതരില്ലെന്നു പ്രതികള്‍ പറഞ്ഞുവെന്നായിരുന്നു അനീഷിന്റെ മൊഴി. കേസിലെ സാക്ഷിയായ ലിജോയും ദുരഭിമാനക്കൊലയുടെ സൂചന നല്കുന്ന മൊഴി നല്‍കിയിരുന്നു.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനൊപ്പം ജീവിക്കാന്‍ അവളെ വിടില്ലെന്നു ചാക്കോയും ഷാനുവും തന്നോടു പറഞ്ഞിരുന്നതായാണു ലിജോ മൊഴി നല്‍കിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന് ദുരഭിമാനകൊലയെന്ന വാദം ഉയര്‍ത്തിയത്. നീനുവിനെ കാണാതായ ശേഷം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പിതാവു നല്കിയ പരാതിയില്‍ മകള്‍ കാക്ക രാജുവിനൊപ്പം പോയെന്നു പറയുന്നതു സൂചിപ്പിക്കുന്നതും ദുരഭിമാനത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. ചാക്കോയും ഭാര്യയും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്, ക്രിസ്ത്യന്‍ സമുദായത്തില്‍ ജാതി വേര്‍തിരിവില്ലെന്ന തുടങ്ങിയ വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല.
2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തു വഴി നീനു കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്നു തുടങ്ങിയ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. വിവാഹ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് ഒന്നിച്ചുള്ള ജീവിതത്തിന് ഒരുങ്ങുമ്പോഴാണു കെവിനെ തട്ടിക്കൊണ്ടു പോകുന്നതും കൊല്ലപ്പെടുന്നതും. നാഗമ്പടത്തെ തീര്‍ഥാടന കേന്ദ്രത്തിലായിരുന്നു ഇരുവരും അവസാനമായി പോയത്. വിധി പ്രഖ്യാപനം നടത്തുമ്പോള്‍ ബംഗളുരുവിലെ കോളജിലായിരുന്നു അവര്‍.
വിധിയെക്കുറിച്ച് അറിഞ്ഞിരുന്നു എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല, നീനു മംഗളത്തോടു പറഞ്ഞു. ബംഗളരുവില്‍ എം.എസ്.സി ജിയോളജിയ്ക്കു പഠിക്കുന്ന നീനു ഓരോ ദിവസും കേസിന്റെ വിചാരണ വിവരങ്ങള്‍ തിരക്കിയിരുന്നു. ഇന്നലെയും പബ്ലിക് പ്രോസിക്യൂട്ടറുമായി സംസാരിച്ചിരുന്നു. വിചാരണ വേളയില്‍ പിതാവിനും സഹോദരനെതിരേയും നിര്‍ണായക മൊഴി നല്കുന്നതിനു മാത്രമാണു നീനു കോടതിയില്‍ എത്തിയത്.






