
ന്യൂഡല്‍ഹി: കശ്മീര്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര സെക്ടറിലാണ് പാക്ക് വെടിവെയ്പ്പുണ്ടായത്. സൈനികനായ നായിക് രാജിബ് താപ ആണ് വീരമൃത്യു വരിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് വിവരം.
വെള്ളിയാഴ്ചയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ മെച്ച്പാര സ്വദേശിയാണ് താപ. പരസ്പരം വെടിയുതിര്ക്കുന്നതിനിടയിലാണ് താപയ്ക്ക് ജീവന് നഷ്ടമായതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ലഫ്ന്റനെന്റ് കേണല്‍ ആനന്ദ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാക്ക് സൈനിക പോസ്റ്റിനും സൈനികര്‍ക്കും കനത്ത ആഘാതം ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പിലും ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു.






