
കൊല്ലം: കെവിന് വധക്കേസിലെ വിധിയില്‍ പൂര്‍ണ്ണ തൃപ്തനെന്ന് കോട്ടയം എസ്.പിയായിരുന്ന ഹരിശങ്കര്‍ ഐ.പി.എസ്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും സാങ്കേതിക തെളിവുകളും വച്ചാണ് വിധി വന്നിരിക്കുന്നത്. അത് അന്വേഷണ സംഘത്തിന്റെ വിജയമാണ്. എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കുന്നതാണ് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതല. അതില്‍ വിജയിച്ചു. ശിക്ഷ വിധിക്കുന്നത് കോടതിയുടെ അധികാരമാണ്. അതില്‍ പ്രതികളുടെ പ്രായവും മറ്റും പരിഗണിക്കും. ദുരഭിമാനകൊലയാണ്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് എന്നതും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
നിരവധി പ്രതികള്‍ ഉള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കുക ബുദ്ധിമുട്ടായിരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അത് വെള്ളത്തില്‍ മുക്കിയുള്ള കൊലയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. മുന്‍കാലങ്ങളില്‍ സുപ്രീം കോടതി നല്കിയ വിധിന്യായങ്ങള്‍ വരെ പരാമര്‍ശിച്ചാണ് കുറ്റപത്രം നല്‍കിയിരുന്നത്.
പ്രധാന സാക്ഷിയായ അനീഷിന് ചാക്കോയെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തത് ആയിരിക്കും ചാക്കോ രക്ഷപ്പെടാന്‍ കാരണം. പൂര്‍ണ്ണമായ വിധിന്യായം കിട്ടിയാല്‍ മാത്രമേ കൃത്യമായി പ്രതികരിക്കാന്‍ കഴിയൂവെന്നും ശിക്ഷാവിധിയില്‍ പൂര്‍ണ്ണമായും തൃപ്തനാണെന്നും എസ്.പി പറഞ്ഞു.
കേസ് നടത്തിപ്പില്‍ കോടതി കഴിഞ്ഞ ദിവസം പോലീസിനെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ചിരുന്നു.
പ്രതികള്‍ക്ക് ലഭിച്ച പൂര്‍ണ്ണമായ ശിക്ഷ ഇപ്രകാരമാണ്:
പത്ത് പ്രതികള്‍ക്കും ഐ.പി.സി 306(എ), 302 എന്നിവ പ്രകാരം രണ്ട് ജീവപര്യന്തങ്ങളും 40,000 രൂപയും പിഴയും.
449 പ്രകാരം അഞ്ചു കൊല്ലം, 5000 രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഇല്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
2,4,6,9 പ്രതികള്‍ക്ക് 427ാം വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്.
2,4,6,9, 11,12 മൂന്നു വര്‍ഷം കഠിന തടവും 5000 പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്.
120 ബി പ്രത്യേകം ശിക്ഷയില്ല. രണ്ട് ജീവപര്യന്തങ്ങള്‍ നല്‍കിയതിനാലാണ് ഈ വകുപ്പില്‍ പ്രത്യേകം ശിക്ഷ നല്‍കാതിരുന്നത്.
323 പ്രകാരം 8,9 പ്രതികള്‍ക്ക് ഒരുവര്‍ഷം കഠിന തടവും പിഴയും
7 ാം പ്രതിക്ക് 201ാം വകുപ്പ് തെളിവു നശിപ്പിച്ചതിന് മൂന്നു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവിനും തുല്യമായി നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത് കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്നോവ, വാഗണ്‍ ആര്, ഐ20 കാറുകള്‍ വിറ്റ് ആ പണം ഇവര്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.






