കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ന് ഉച്ചയോട് കൂടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. യു.ഡി.എഫ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അര നൂറ്റാണ്ട് കെ.എം മാണിയെ വിജയിപ്പിച്ച പാലായിലെ ജനങ്ങള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചത്. സ്ഥാനാര്‍ത്ഥിയുടെ പേര് സംബന്ധിച്ച് ധാരണയായ ശേഷം കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗം നേതാക്കളും കോട്ടയം ഡി.സി.സി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരള കോണ്‍ഗ്രസില്‍ എത്തിയ ആളാണ് ജോസ് ടോം പുലിക്കുന്നേല്‍. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ജോസഫ് പുലിക്കുന്നേലിന്റെ കുടുംബാംഗമാണ് ജോസ് ടോം. പാലായില്‍ അഭിഭാഷകനാണ്. കെ.എം മാണിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയാണ് ജോസ് ടോം. നിഷ ജോസ് കെ. മാണിക്കെതിരെ ജോസഫ് വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നിഷ ജോസ് കെ. മാണിയെ വെട്ടി ജോസ് ടോം പുലിക്കുന്നിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.
ജോസ്-ജോസഫ് വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് താല്‍ക്കാലിക മഞ്ഞുരുകലിന് വഴിയൊരുങ്ങിയെങ്കിലും തര്‍ക്കങ്ങള്‍ തുടരുമെന്ന സൂചന നല്‍കിയാണ് ജോസ് ടോം പുലിക്കുന്നേലും പി.ജെ ജോസഫും പ്രതികരിച്ചത്. രണ്ടില ചിഹ്നത്തിനായി ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്നും പാലായില്‍ മാണിയാണ് ചിഹ്നമെന്നും ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന വാശിയില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു.
അതേസമയം രണ്ടില ചിഹ്നം ജോസ് ടോമിന് അനുവദിക്കുമോ എന്ന ചോദ്യത്തിനോട് സ്ഥാനാര്‍ത്ഥി തന്നെ ചിഹ്നം വേണ്ടന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു ജോസഫിന്റെ മറുപടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് അതിനായി ശ്രമിക്കാമെന്നും തിരഞ്ഞെടുപ്പായതിനാല്‍ ഒന്നും പറയാനാകില്ലെന്നും ജോസഫ് പറഞ്ഞു.






