
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 50 പേരെ പുറത്താക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോനിയെ മറികടന്ന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത്. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ക്രെയ്ഗ് ബ്രെത്ത്വെയ്റ്റ് പന്തിന്റെ ഗ്ളൗസില്‍ കുടുങ്ങിയപ്പോഴായിരുന്നു ഈ നേട്ടമുണ്ടായത്.
ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികയ്ക്കാന്‍ കേവലം 11 ടെസ്റ്റുകളേ പന്തിന് വേണ്ടി വന്നുള്ളൂ. ധോനി ഈ നേട്ടം കൈവരിച്ചത് 15 ടെസ്റ്റുകളില്‍ നിന്നുമായിരുന്നു. ഇതോടെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ കീപ്പര്‍മാരുടെ പട്ടികയില്‍ ആദം ഗില്‍ക്രിസ്റ്റിനൊപ്പം രണ്ടാമനാകാനും പന്തിനായി. 10 മത്സരങ്ങളില്‍ ഈ നേട്ടം ഉണ്ടാക്കിയ ആദം ബൗച്ചര്‍, ജോസ് ബട്ലര്, ടിം പെയ്ന് എന്നിവരാണ് ഒന്നാമത്.
മഹേന്ദ്രസിംഗ് ധോനിക്ക് ശേഷം മൂന്ന് ഫോര്‍മാറ്റുകളിലും വിക്കറ്റിന് പിന്നില്‍ നില്ക്കാന് യോഗ്യനായ താരത്തിന് വേണ്ടിയുള്ള അന്വേഷണം ഇതോടെ പന്തില്‍ എത്തി നില്‍ക്കുകയാണ്. ഇതോടെ നാലാം നമ്പറില്‍ സ്ഥിരം ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് കിട്ടി. ഭാവിവാഗ്ദാനമെന്ന് നായകന് വിരാട് കോഹ്ലിയും പന്തിനെ വിശേഷിപ്പിച്ചിരിക്കുകയാണ്. വെസ്റ്റിന്‍ഡീസില്‍ ആദ്യ ടെസ്റ്റില്‍ വന്‍ വിജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും ആതിഥേയരെ വിയര്‍പ്പിക്കുകയാണ്.
ജസ്പ്രീത് ബുംറയുടെ മികവില്‍ ആതിഥേയരെ ഒന്നാം ഇന്നിംഗ്സില്‍ 117 ന് പുറത്താക്കിയ ഇന്ത്യ 299 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിലും ബാറ്റ് ചെയ്ത ഇന്ത്യ 468 ലേക്ക് ആതിഥേയരുടെ ലക്ഷ്യം ഉയര്‍ത്തിയിരിക്കുകയാണ്. ഓപ്പണര്‍മാരെ രണ്ടാം ഇന്നിംഗ്സില്‍ എളുപ്പം പുറത്താക്കിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോള്‍ 45 ന് രണ്ടു വിക്കറ്റ് പിഴുതിരിക്കുകയാണ്. 18 റണ്‍സ് എടുത്ത ബ്രാവോയും നാലു റണ്‍സുമായി ഷംറാ ബ്രൂക്സുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.




