
മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലേക്ക് ഏകദേശം 130 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബൊളീവിയയില്‍ നിന്നും ഒരു സമ്മാനം അയക്കുന്നത്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു പെണ്‍കുട്ടിയുടെ മമ്മിയായിരുന്നു ആ സമ്മാനം. നുസ്റ്റ എന്നാണ് മമ്മിക്ക് നല്‍കിയിരിക്കുന്ന പേര്. ഇന്‍കന്‍ ഭാഷയില്‍ രാജകുമാരിയെന്നാണ് ഈ പേരിന്റെ അര്‍ത്ഥം. നിരവധി പഠനങ്ങള്‍ക്ക് ശേഷം നൂറ്റാണ്ടുകള്‍ക്കും ശേഷം ആ ബൊളീവിയന്‍ രാജകുമാരിയെ അമേരിക്ക എംബസി വഴി തിരിച്ചു നല്‍കിയിരിക്കുകയാണ്.
നുസ്റ്റയെ രാജകുമാരിയെന്നാണ് വിളിക്കുന്നതെങ്കിലും കൃത്യമായി ആ പെണ്‍കുട്ടി രാജകുടുംബത്തിലെയാണോയെന്ന് വ്യക്തമല്ല. ഒരു കല്ലറയില്‍ ആഭരണവിഭൂഷിതയായി മുടി മനോഹരമായി പിന്നിയിട്ട് ഇരിക്കും വിധമായിരുന്നു മമ്മിയുണ്ടായിരുന്നത്. കൈകളില്‍ തൂവലുകള്‍ പിടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുടി ഏതോ ആഘോഷത്തിന് ഒരുങ്ങും വിധം അലങ്കരിച്ച നിലയിലായിരുന്നു. ബൊളീവിയയില്‍ കണ്ടുവരുന്ന ലാമയുടേയോ അല്‍പാകയുടേയോ രോമങ്ങള്‍കൊണ്ടുള്ളവയായിരുന്നു വസ്ത്രങ്ങള്‍. നിരവധി ചെടികളും ഒരു ജോഡി ചെരിപ്പും കിടക്കയും കളിമണ്‍ ജാറും ഇതിനൊപ്പം ഉണ്ടായിരുന്നു.
അയ്മാരന്‍ വംശത്തിലെ പെണ്‍കുട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ടിയാഹുവാനാകോ വംശങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നാണ് അയ്മാരന്‍ വംശജര്‍ ബൊളീവിയയില്‍ സജീവമാകുന്നത്. 1200 മുതല്‍ 1400 വരെയുള്ള കാലത്താണ് പെണ്‍കുട്ടി ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. കൊളംബസും സ്പെയിനും 1572-ല്‍ ബൊളീവിയ കീഴടക്കുന്നതിന് തൊട്ടുമുന്‍പായിരിക്കും ഈ പെണ്‍കുട്ടി മരിച്ചതെന്നാണ് കണക്കാക്കുന്നത്. മരിക്കുമ്പോള്‍ ഏകദേശം എട്ട് വയസാണ് പെണ്‍കുട്ടിക്ക് പ്രായം കണക്കാക്കുന്നത്.
അമൂല്യപുരാവസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കുന്നതില്‍ പേരുകേട്ട യുഎസ് ആര്‍ട്ട് എന്ന സ്ഥാപനമാണ് മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും നുസ്റ്റയെ ബൊളീവിയയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചത്. പെണ്‍കുട്ടിയുടെ കൃത്യമായ പ്രായത്തിനൊപ്പം കഴിച്ചിരുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളടക്കം ലഭിക്കുന്നതിന് ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. ബൊളീവിയയില്‍ മരിച്ചവരുടെ ദിവസമായി ആഘോഷിക്കുന്ന നവംബര്‍ ഒന്‍പതിന് ഈ പെണ്‍കുട്ടിയുടെ മമ്മി പൊതുദര്‍ശനത്തിന് വെക്കും. അതുവരെ ശീതീകരിച്ച അറയിലായിരിക്കും ഇത് സൂക്ഷിക്കുന്നത്.
Known as Ñusta, a Quechua word for "Princess," the mummy amazes many because of its excellent state of preservation: Its black braids seem recently combed and its hands still cling to small feathers: https://t.co/6XTSm0sDIV pic.twitter.com/hZRXWea3fD
— Local 12/WKRC-TV (@Local12) August 24, 2019






