
ഓണാഘോഷത്തിന് ആട്ടവും പാട്ടുമായി മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരും ആട്ടവും പാട്ടുമായി എത്തിയതോടെ തൃശ്ശൂരില്‍ ഓണാഘോഷം വര്‍ണ്ണാഭമായി.
'തന്നക്കം താരോ, തന്നക്കം താരോ....ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ...ചേറിലു ഞങ്ങ നേരു കണ്ടേ..' ഓണാഘോഷത്തിനൊടുവില് കര്‍ഷകര്‍ പാടത്ത് പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടുമായി മേയറും സംഘവും ചുവടുവെച്ചപ്പോള്‍ നിറഞ്ഞ കൈയടിയാണ് സദസില്‍ നിന്നുമുയര്‍ന്നത്. ആദ്യ പാട്ടിന് പിന്നാലെ 'കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി...' മേയര്‍ വീണ്ടും സ്റ്റേജില്‍ എത്തി.
ഇതിനിടെ പുലിക്കളിയുടെ ചുവടുകളും സംഘം വെച്ചു.
പുലിക്കളിയുടെ ചുവടുകളും ഉറപ്പിച്ചായിരുന്നു സംഘത്തിന്റെ ആട്ടക്കലാശം. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരെല്ലാം നര്‍ത്തകരായി മാറി. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരുമായ കൗണ്‍സിലര്‍മാരെല്ലാം രാഷ്ട്രീയം മറന്ന് നൃത്തത്തില്‍ പങ്കാളികളായി.






