
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിനിടെ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ഉടലെടുത്ത പടലപിണക്കം മറന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ വീട്ടിലെത്തിയാണ് ജോസ് ജോസഫിനെ കണ്ടത്. പത്ത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ജോസ് ടോം പിന്നീട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ജോസഫ് വിഭാഗം സജീവമാകാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ജോസ് ടോമിന്റെ സന്ദര്‍ശനം. പാര്‍ട്ടിയിലെ നേതൃത്വത്തെ ചൊല്ലി ജോസഫും ജോസ് കെ.മാണിയും തമ്മിലുണ്ടായ തര്‍ക്കം താഴെതട്ടിലുള്ള പ്രവര്‍ത്തകരിലേക്കും വ്യാപിച്ചത് പാലായില്‍ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലനിന്നതോടെയാണ് മണ്ഡലം രക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥി ജോസ് ടോമിനു തന്നെ ജോസഫിനു മുന്നിലെത്തേണ്ടിവന്നത്.
പാര്‍ട്ടി ചിഹ്നം അനുവദിക്കുന്നതിനെ ചൊല്ലി ഇരുപക്ഷവും തമ്മിലുണ്ടായ തര്‍ക്കവും തെരഞ്ഞെടുപ്പ് കണ്വന്ഷന് വേദിയില്‍ ജോസഫിനെ ജോസ് കെ.മാണി വിഭാഗം കൂക്കിവിളിച്ചതും പാര്‍ട്ടി മുഖപത്രമായ പ്രതിഛായയിലൂടെ വിമര്‍ശിച്ചതും ഇരുവിഭാഗവും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ വലുതാക്കിയിരുന്നു. യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും യു.ഡി.എഫ് നേതൃയോഗത്തില്‍ ജോസ് ടോം എത്താതിരുന്നത് പി.ജെ ജോസഫിനെ വീണ്ടും പ്രകോപിപ്പിച്ചിരുന്നു.






