
ന്യൂഡല്‍ഹി/കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റുന്നതിനു മുമ്പു പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നാവശ്യപ്പെട്ട് സമീപവാസി സുപ്രീം കോടതിയില്‍. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്ളാറ്റ് സമുച്ചയങ്ങളില്‍പ്പെട്ട ആല്‍ഫ സെറീന് ബില്‍ഡിങ്ങിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ നെട്ടൂര്‍ നെടുമ്പിള്ളി എം.ജി. അഭിലാഷാണു ഹര്ജിക്കാരന്. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ തന്റെ ഓടുമേഞ്ഞ വീടിനു തകരാര്‍ സംഭവിക്കരുതെന്നന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
പരിസ്ഥിതി ആഘാതപഠനം നടത്തിയശേഷമാകണം നടപടിയെന്നുമാണ് അഭിലാഷിന്റെ ഹര്‍ജിയിലെ ആവശ്യം. കൂറ്റന്‍ ഫഌറ്റ് സമുച്ചയം പൊളിച്ചുമാറ്റുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കും. അതു ഗുരുതരമായി ബാധിക്കുക സമീപവാസികളെയാകും. ഈ സാഹചര്യത്തില്‍ ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിസ്ഥിതി ആഘാതപഠനം നടത്തണം. അതിനുശേഷമേ ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കാവൂ. തീരദേശനിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചവര്‍ക്കു പിഴ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, അഭിലാഷിന്റെ ഹര്‍ജിയില്‍ ദുരൂഹതയുള്ളതായും ആരോപണമുയര്‍ന്നു.
ബില്‍ഡര്‍മാര്‍ക്കു ''പിഴ'' ചുമത്തണമെന്ന ആവശ്യം സംശയാസ്പദമാണ്. പരിസ്ഥിതി ആഘാതപഠനം നടത്താന്‍ കോടതി തീരുമാനിച്ചാല്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കാകും ഗുണകരമാകുക. അതിന്റെ പേരില്‍ മാസങ്ങള്‍ തള്ളിനീക്കാം. പിഴ ഈടാക്കാന്‍ കോടതി തീരുമാനിച്ചാല്‍, കൊച്ചിയിലെ ഡി.എല്‍.എഫ്. ഫ്ളാറ്റ് കേസില്‍ സംഭവിച്ചതുപോലെ ഫ്ളാറ്റ് പൊളിക്കാതെ നിലനിര്‍ത്താനും കഴിയും. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭയെ അറിയിക്കണമെന്നു നിര്‍ദേശിച്ചു നല്കിയ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞൂ. ഇന്നലെ മൂന്നിനു സമയപരിധി അവസാനിച്ചപ്പോള്‍ ഫ്ളാറ്റുടമകളില്‍ ഒരാള്‍ പോലും മറുപടി നല്‍കിയില്ല.
അതോടെ, ആരെയും പുനരധിവസിപ്പിക്കേണ്ടെന്ന വിവരം നഗരസഭ സര്‍ക്കാരിനെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് മറ്റു താമസസൗകര്യം ആവശ്യമുള്ളവര്‍ അക്കാര്യം അറിയിക്കണമെന്നാണു നഗരസഭ നോട്ടീസില്‍ പറഞ്ഞിരുന്നത്. ചട്ടപ്രകാരമുള്ള നടപടിയാണിത്. പൊളിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ട നാലു പാര്‍പ്പിട സമുച്ചയങ്ങളിലെയും താമസക്കാരെ ഇക്കാര്യം അറിയിച്ചിരുന്നു. 350 ഫ്ളാറ്റുകളിലായി 1450 പേരാണു താമസിക്കുന്നത്. ഫ്ളാറ്റുകള്‍ നിയമാനുസൃതം വാങ്ങിയതാണെന്നും ഒഴിയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഫ്ളാറ്റ് ഉടമകള്‍.
ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ആറുമാസം സാവകാശം വേണമെന്നു നഗരസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊളിക്കലിനായി 13 കമ്പനികള്‍ നല്കിയ ടെന്‍ഡറുകള്‍ നഗരസഭ പരിശോധിച്ചിരുന്നു. തിടുക്കത്തില്‍ ഫ്ളാറ്റ് പൊളിക്കാന്‍ കഴിയില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കി 20-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.






