
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന രീതിയില്‍ പൃഥ്വിരാജ് മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കടിച്ചാല്‍ പൊട്ടുന്ന വാക്കുകള്‍ അനായാസേന പറയുന്ന അദ്ദേഹത്തിന്റെ വൈഭവം തമിഴ് താരം പ്രസന്നയെയും ഞെട്ടിച്ചു. ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിയെന്ന് പ്രസന്ന വിശേഷിപ്പിക്കുന്നു. മലയാളത്തിലെ അരങ്ങേറ്റ ചിത്രം ബ്രദേഴ്സ് ഡേയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'മലയാളത്തില്‍ നിന്നു മൂന്നുനാലു തവണ അവസരം വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫര്‍ സ്വീകരിക്കാനായില്ല. 'നേര'ത്തിന്റെ സ്ക്രിപ്റ്റുമായി അല്‍ഫോന്‍സ് പുത്രന് വന്നിരുന്നു, പക്ഷേ, അന്ന് അല്ഫോന്സിന് പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. നടന് നരേന് അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി സംസാരിച്ചും കുറേ മലയാളം പഠിച്ചു. തെലുങ്കും സംസാരിക്കാനറിയാം, ഹിന്ദിയാണ് ഒരു രക്ഷയുമില്ലാത്തത്.
'എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലിഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറില്‍ നടന്ന പ്രമോഷന് പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി. 'ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്സുലേഷന്‍' (സാരാംശം) എന്നൊക്കെ പറഞ്ഞു തകര്‍ത്തു പ്രസംഗിക്കുകയാണ് രാജു.'
'ഞാന്‍ അന്തംവിട്ട് സംവിധായകന് ഷാജോണിന്റെ മുഖത്തു നോക്കിയപ്പോള്‍ 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ, ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലിഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.' പ്രസന്ന പറയുന്നു.






