
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് സാധ്യതകള്‍ നില്‍ക്കേ മുന്‍ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ് കൊച്ചിയിലെ വീട്ടില്‍. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് തിരിച്ച ഇബ്രാഹീം കുഞ്ഞ് അറസ്റ്റ് ഭയന്ന് മുങ്ങിയെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ വീട്ടില്‍ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. സ്വന്തം നടപടിയെ ന്യായീകരിച്ച ഇബ്രാഹീം കുഞ്ഞ് പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ എടുത്തത് നയമപരമായ തീരുമാനമാണെന്നു മാധ്യമങ്ങളോട് പറഞ്ഞു.
ഉപയോഗിച്ചത് മന്ത്രിയുടെ വിവേചന അവകാശമാണെന്നും ഇതൊരു സാധാരണ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും പണം ചെലവഴിക്കാറുണ്ട്. മുന്‍കൂര്‍ പണം നല്‍കാറുമുണ്ടെന്നും അദ്ദേഹം ഇന്ന് രാവിലെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കുമെന്നും അസ്വാഭാവികമായ ഒരു കാര്യവും നടക്കുന്നില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ പൊതുമരാമത്ത സെക്രട്ടറി ടിഒ സൂരജിന്റെ വെളിപ്പെടുത്തലോടെയാണ് ഇബ്രാഹീം കുഞ്ഞിനെതിരേ ആരോപണം ഉയര്‍ത്തിയത്.
നിര്‍മ്മാണക്കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം ആയിരുന്നു എന്നാണ് ടി.ഒ സൂരജ് ആരോപിച്ചത്. മുന്‍മന്ത്രിയും എം.എല്‍.എയുമായ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വന്കോളിളക്കമുണ്ടാക്കുമെന്നതിനാല് രാഷ്ട്രീയതീരുമാനത്തിനു കാക്കുകയാണു വിജിലന്‍സ്. ചോദ്യംചെയ്യലിനു ഹാജരാകാന്‍ അദ്ദേഹത്തിന് ഉടന്‍ നോട്ടീസ് നല്‍കും. വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത്, ഐ.ജി: എച്ച്. വെങ്കിടേഷ്, എസ്.പി: വി.ജി. വിനോദ്കുമാര്‍, ഡിെവെ.എസ്.പി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗം അന്വേഷണപുരോഗതി വിലയിരുത്തി.
അറസ്റ്റ് വേണ്ടിവരുമെന്നു യോഗത്തിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായാണു സൂചന. അറസ്റ്റിനെ മറികടക്കാന്‍ ഇബ്രാഹീം കുഞ്ഞും നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം കൊച്ചിയില്‍ നിയമോപദേശം തേടിയതായും സൂചനയുണ്ട്. വിജിലന്‍സ് നോട്ടീസ് കിട്ടുന്നതിന് മുമ്പായി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അങ്ങിനെ വന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ധാരണകളെ മറികടക്കാനാകുമെന്നുമാണ് അദ്ദേഹം കരുതുന്നത്.






