കോട്ടയം: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കയറാന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് യാക്കോബായ സഭ. വിശ്വാസികള്‍ അവരുടെ സഭ സംരക്ഷിക്കുമെന്നും സമാധാനം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ സ്വയം പിന്മാറണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രസ്താവന. അതേസമയം യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപൊലീത്താമാരും വൈദികരും സഭാ ഭാരവാഹികളും സെപ്റ്റംബര്‍ 24ന് മറൈന്‍ ഡ്രൈവില്‍ ഉപവസിക്കും. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നുവെന്നും ഓര്‍ത്തഡോക്സ് വിഭാഗം മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് ഉപവാസ സമരം.
പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം പള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ പോലീസ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കത്ത് നല്കി.






