
അമരാവതി: ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്കി. ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബാബു നായിഡു നിലവില്‍ താമസിക്കുന്ന അമരാവതിയിലെ വസതിക്കു മുന്നിലാണ് ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി(എപിസിആര്‍ഡിഎ) വീണ്ടും നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
കൃഷ്ണ നദിയുടെ തീരത്തുള്ള വസതിയാണ് പൊളിച്ചു നീക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇത് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേയും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും ഇത് തൃഷ്പതികരമല്ലെന്നാണ് എപിസിആര്‍ഡിഎയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഏഴു ദിവസത്തിനകം ഉടമ സ്വമേധയാ പൊളിച്ചു നീക്കിയില്ലെങ്കില്‍ അതോറിറ്റി നേരിട്ട് കെട്ടിടം പൊളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
എയര്‍കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശില്‍ നിന്ന് ലീസിനെടുത്തതാണ് ഈ വസതി. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയും രാഷ്ട്രീയ പകപ്പോക്കല്‍ നടത്തുകയാണെന്നാണ് ടിഡിപിയുടെ ആരോപണം.






