
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയെന്ന കേസില്‍ നടി ഭാനു പ്രിയയ്ക്ക് കുരുക്ക് മുറുകുന്നു. ആന്ധ്രാ സ്വദേശിയായ സ്ത്രീയുടെ പരാതിയില്‍ ജുവനൈല്‍ വകുപ്പുകളില്‍ ഭാനുപ്രിയയ്ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാനായി നടിയെ ഉടന്‍ തമിഴ്നാട് പോലീസ് വിളിച്ചുവരുത്തും.
ആന്ധ്രാ സ്വദേശിനി നല്കിയ പരാതിയിലാണ് ചെന്നൈ പോണ്ടിബസാര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാനുപ്രിയയുടെ വീട്ടില്‍ ജോലി ചെയ്യവെ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ശമ്പളം പോലും നല്‍കാതെ ഉപദ്രവിച്ചെന്നും നടിയുടെ സഹോദരന് ഗോപാലകൃഷ്ണന് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
പരാതിക്കാരിക്കും മകള്‍ക്കുമെതിരെ കഴിഞ്ഞ ജനുവരിയില്‍ ഭാനുപ്രിയ മോഷണക്കുറ്റത്തിന് പരാതി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും ഐപാഡ് ക്യാമറയുടെ മോഷ്ടിച്ചെന്ന പരാതിയില്‍ കേസ് എടുത്ത പോലീസ് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ജൂലൈ 13 ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കിയിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് ശിശു സംരക്ഷണ സമിതിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പോലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 323,506,341 വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്.






