
പ്രമേഹവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് ഇന്‍സുലിന്‍. ശരിക്കും എന്താണ് ഇന്‍സുലിന്‍? ശരീരത്തില്‍ ഇന്‍സുലിന്റെ പ്രാധാന്യമെന്താണ്?
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ആവശ്യമാണ്. നാം കഴിക്കുന്ന ആഹാരത്തില്‍ അധികഭാഗവും ഗ്ലൂക്കോസായാണ് മാറ്റപ്പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന ഗ്ലുക്കോസ് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു.
ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ വിവിധ കോശങ്ങളില്‍ എത്തിക്കുന്നത്. ശരീരത്തിലെ ഓരോ കോശങ്ങളുടേയും പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസ് അത്യാവശ്യമാണ്. അതിനാല്‍ ശരിയായ അളവിലുള്ള ഇന്‍സുലിന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.
പ്രമേഹം കടന്നുവരുന്നു
ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം കുറയുമ്പോഴാണ് പ്രമേഹം പിടിപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹത്തില്‍ ഇന്‍സുലിന്റെ ഉല്‍പാദനം നിന്നുപോകുന്നു. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ ഉല്‍പാദനം കുറഞ്ഞു വരികയും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നു. ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കുന്നതാണ് ടൈപ്പ് 1 ചികിത്സയുടെ ലക്ഷ്യം.
എന്നാല്‍ ടൈപ്പ് 2 പഴകും തോറും ഇന്‍സുലിന്റെ ആവശ്യം വന്നേക്കാം. കൃത്യസമയത്ത് ഇന്‍സുലിന്‍ എടുക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്നു. തന്മൂലം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും ശരീരം ആരോഗ്യത്തോടെ നിലനില്‍ക്കുകയും ചെയ്യുന്നു. നമ്മുടെ ഉദരത്തിലെ ആസിഡുകള്‍ ഇന്‍സുലിനെ നശിപ്പിക്കാന്‍ വീര്യമുള്ളവയാണ്. അതിനാല്‍ ഇന്‍സുലിന്‍ ഗുളിക രൂപത്തിലെടുക്കാനാവില്ല. ഇന്‍സുലിന്‍ സിറിഞ്ചോ പേനയോ ഉപയോഗിച്ച് കുത്തിവയ്ക്കുന്നു.
ഇന്‍സുലിന്‍ കുത്തിവയ്പ്പ്
ഇന്‍സുലിന്‍ പലരൂപത്തില്‍ ലഭിക്കും. റാപ്പിഡ് അഥവാ ഷോര്‍ട്ട് ആക്റ്റിങ്ങ് ഇന്‍സുലിന്‍ ജലത്തിന്റെ രൂപത്തില്‍ ലഭ്യമാണ്. ഇത് ഭക്ഷണം കഴിക്കുന്നതിന് മുമ്പേ എടുക്കണം. ഇന്റര്‍മീഡിയേറ്റ് അഥവാ ലോങ്ങ് ആക്റ്റിങ്ങ് ഇന്‍സുലിന്‍ കഞ്ഞിവെള്ളത്തിന്റെ രൂപത്തിലാണ്. ഇത് ഭക്ഷണശേഷം എടുക്കണം.
പ്രീ മിക്‌സഡ് ഇന്‍സുലിനില്‍ റാപ്പിഡ് ആക്റ്റ് ഇന്‍സുലിനും അടങ്ങിയിരിക്കുന്നു. ഇത് രാവിലെയോ വൈകിയിട്ടോ അല്ലെങ്കില്‍ രണ്ട് സമയത്തും ഭക്ഷണത്തിനുമുമ്പ് എടുക്കേണ്ടതാണ്. പ്രീമിക്‌സഡ് ഇന്‍സുലിന്‍ 30/70/50/50 എന്നിങ്ങനെ പല രൂപത്തില്‍ ലഭിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓരോരുത്തര്‍ക്കും അനുയോജ്യമായവ കണ്ടെത്താവുന്നതാണ്.
ഇന്‍സുലിന്‍ ഉപയോഗം
ഭക്ഷണരീതിയും ജോലിയും വ്യായാമവും അനുസരിച്ച് ഇന്‍സുലിന്‍ അളവ് നിശ്ചയിക്കാം. ഇന്‍സുലിന്‍ പേനയോ ഡിസ്‌പോസിബിള്‍ സിറിഞ്ചോ ഉപയോഗിച്ച് ഇന്‍സുലിന്‍ എടുക്കാവുന്നതാണ്. യു40, യു - 100 എന്നീ രണ്ട് തോതില്‍ ഇന്‍സുലിന്‍ ലഭ്യമാണ്. യു40ല്‍ ഒരു മില്ലീലിറ്ററില്‍ 40 യൂണിറ്റ് ഇന്‍സുലിനും യു100 ഒരു മില്ലീലിറ്ററില്‍ 100 യൂണിറ്റ് ഇന്‍സുലിനും അടങ്ങിയിരിക്കുന്നു.
പേന ഉപയോഗിച്ച് ഇന്‍സുലിന്‍ എടുക്കുന്നത് ഏറെ സൗകര്യപ്രദമാണ്. യാത്രചെയ്യുമ്പോള്‍ ഇവ സൗകര്യപൂര്‍വ്വം കൊണ്ടു നടക്കാമെന്നതാണ് മറ്റൊരു മേന്മ. ഇന്‍സുലിന്‍ എടുക്കുമ്പോഴുള്ള വേദനയും കുറവായിരിക്കും. പല രീതിയിലുള്ള ഇന്‍സുലിന്‍ പേനകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചര്‍മ്മത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗത്താണ് കുത്തിവയ്പ്പ് എടുക്കേണ്ടത്.
ഉദരം, തുട, കൈയുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. ഇന്‍സുലിന്‍ സ്ഥിരമായി ഒരു സ്ഥലത്തുതന്നെ എടുക്കരുത് അത് ആ ഭാഗം ബലമുള്ളതാക്കുകയും പിന്നീട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രയാസം നേരിടുകയും ചെയ്യുന്നു.