
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ മാണി സാറിന്റെ വീട്ടിലെത്തി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം. അന്തരിച്ച കെഎം മാണിയുടെ പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ ഇരുന്നാണ് ഫലപ്രഖ്യാപനം അറിയാന്‍ പോകുന്നത്. ജോസ്.കെ.മാണിയും കേരള കോണ്‍ഗ്രസ് എം നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ തന്നെയുണ്ട്.
അതേസമയം ഇടത് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന് സ്വന്തം വസതിയില്‍ ഇരുന്നാണ് വോട്ടെണ്ണല്‍ കാണുന്നത്. പ്രാദേശിക നേതാക്കളും അദേഹത്തോടൊപ്പമുണ്ട്.വോട്ടെണ്ണലിനോട് അനുബന്ധിച്ച് പാലായിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എട്ടു മണിക്ക് തന്നെ വോട്ടെണ്ണലിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയെങ്കിലും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് ആദ്യ ഫല സുചന പുറത്തുവന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 15 തപാല്‍ വോട്ടുകളായിരുന്നു. ആറു വോട്ടു വീതം യുഡിഎഫും എല്‍ഡിഎഫും നേടി. മൂന്ന് വോട്ടുകള്‍ അസാധുവായി. പിന്നാലെ സര്‍വീസ് വോട്ടുകളാണ് എണ്ണുന്നത്.






