
ന്യൂയോര്‍ക്ക് : യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ആണവായുധത്തിന്റെ കാര്യം പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ ഇമ്രാന്ഖാന് സ്വന്തം വിമാനം പണി കൊടുത്തു. ഇമ്രാന്‍ഖാനും നയതന്ത്രസംഘത്തിനും നാട്ടിലേക്ക് മടങ്ങാനായി സൗദി അറേബ്യയില്‍ നിന്നും വാടകയ്ക്ക് എടുത്ത വിമാനം തകരാറായതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രിയ്ക്ക് ന്യൂയോര്‍ക്കിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഇന്ന് കൂടി വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചില്ലെങ്കില്‍ യാത്രാ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ന്യൂയോര്‍ക്കിലെ കെന്നഡി വിമാനത്താവളത്തില്‍ നിന്നും ഇമ്രാനും സംഘവുമായി വെള്ളിയാഴ്ച രാത്രി തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍ തകരാറ് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറിന് ശേഷം തന്നെ തിരിച്ചും പറക്കേണ്ടി വന്നു. യുഎന്നില്‍ സംസാരിക്കുന്നത് ഉള്‍പ്പെടെ ഏഴു ദിവസ പരിപാടിക്കായി തങ്ങിയ റൂസ്വെല്‍റ്റ് ഹോട്ടലിലേക്കാണ് പാക് പ്രധാനമന്ത്രി മടങ്ങിയത്. നാട്ടിലേക്കുള്ള മടക്കയാത്ര തടസ്സപ്പെട്ട പാകിസ്താന്റെ യുഎന്‍ അംബാസഡര്‍ മലീഹാ ലോധിയും പ്രധാനമന്ത്രിക്കൊപ്പം ഹോട്ടലിലേക്ക് മടങ്ങി. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനായി രണ്ടു മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന ശേഷമാണ് ഇമ്രാന് മടങ്ങിയത്.
പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കണമെങ്കില്‍ ഇനിയും സമയം വേണ്ടിവരുമെന്ന് കണ്ടതോടെയാണ് മടങ്ങിയത്. ശനിയാഴ്ചയും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊമേഴ്സ്യല്‍ ഫ്ളൈറ്റില്‍ ഇമ്രാന് നാട്ടിലേക്ക് മടങ്ങും. 193 അംഗ ജനറല്‍ അസംബ്ളിയില്‍ ഇമ്രാന് ഖാന് നടത്തിയ പ്രസംഗം കടുത്ത വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ കാര്യങ്ങള്‍ യുദ്ധത്തോളം എത്തിയാല്‍ ആണവായുധം പ്രയോഗിക്കാന്‍ പാകിസ്താന് മടിക്കില്ലെന്ന് ഇമ്രാന് പറഞ്ഞിരുന്നു. തങ്ങളേക്കാള്‍ ഏഴു മടങ്ങ് വലിപ്പമുള്ള രാജ്യവുമായി പോരാടേണ്ടി വന്നാല്‍ വേറെ മാര്‍ഗ്ഗമില്ലെന്നും ഇമ്രാന് പറഞ്ഞിരുന്നു.
ജന്റില്മാന്മാരുടെ കളിയായ ക്രിക്കറ്റില്‍ നിന്നും വന്ന പാകിസ്താന് സംസാരിക്കുന്നത് യുഎന്‍ പൊതുസഭയില്‍ സാധാരണ വിരളമായി കേള്‍ക്കുന്ന കാര്യമാണെന്നും നയതന്ത്രജ്ഞതയ്ക്ക് പകരം കൊല്ലും കൊലയെക്കുറിച്ചും രക്തപ്പുഴയേക്കുറിച്ചുമാണ് ഇമ്രാന് ഇപ്പോഴും സംസാരിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു. നയപരമായി തീര്‍ക്കേണ്ട പ്രശ്നത്തില്‍ ആണവഭീഷണി മുഴക്കാനാണ് ഇമ്രാന് ഇഷ്ടം. തീവ്രവാദികള്‍ക്ക് പെന്ഷന് കൊടുക്കുന്നയാളാണ് ഇമ്രാനെന്നും ബിന്‍ ലാദനെ സൂക്ഷിച്ച കാര്യത്തെ ന്യായീകരിക്കുന്ന ഇമ്രാന്ഖാന് ന്യൂയോര്‍ക്കിലെ ജനങ്ങളോട് മാപ്പു പറയണമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ ചുട്ട മറുപടിയും നല്കി.






