
കൊണ്ടോട്ടി: ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഷവര്‍മ നല്‍കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജനങ്ങള്‍ ഇരച്ചെത്തി. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്മവിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ മാത്രം അല്ല ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനു സമീപത്തായുള്ള ഹോട്ടലിലാണ് കഴിഞ്ഞ ദിവസം ഷവര്മപ്രേമികള് ഒത്തുകൂടിയത്.
ഹോട്ടലില്‍ ഇന്നലെയാണ് ഷവര്മക്കച്ചവടം ആരംഭിച്ചത്. ഉദ്ഘാടനത്തിനൊടനുബന്ധിച്ച് സൗജന്യമായി ഷവര്‍മ നല്‍കുമെന്ന വിവരം ഉടമ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. രണ്ട് കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവര്മയ്ക്കു വരിനിരന്നത്. എല്ലാവര്ക്കും ഷവര്‍മ നല്കി. എന്നാല്‍ ഷവര്‍മ തയ്യാറാക്കാന്‍ സമയമെടുത്തതോടെ തിരക്ക് ഒന്നുകൂടി വര്‍ധിച്ചു. ഇതിനുപിന്നാലെ ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന് അറിയിച്ചു.
അതോടെ ഷവര്‍മ്മ മാത്രമല്ല ഹോട്ടലിലെ മറ്റ് ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. അടുക്കളയിലെ ചെമ്പുതുറന്ന് നെയ്ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീന്‍കറിയുമെല്ലാം ഷവര്മയ്ക്കെത്തിയവര് കാലിയാക്കി. കണക്കുകൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നും സന്തോഷം മാത്രമെന്നും ഉടമ അറിയിച്ചു.






