
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എ.ബി.വി.പി- എ.ഐ.എസ്.എ സംഘര്‍ഷം. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പങ്കെടുത്ത പരിപാടിയിലായിരുന്നു സംഘര്‍ഷം. മന്ത്രി സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനെ കുറിച്ചായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. സെമിനാറില്‍ കേന്ദ്രമന്ത്രി സംസാരിക്കുന്നതിനിടെ ഇദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇതോടെ എ.ബി.വി.പി പ്രവര്‍ത്തകരും മറുപടി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തൊട്ടു പിന്നാലെയാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനം, സ്ഥിരത, വികസനം' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.






