
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടെ കെ.ജി സൈമണിന്റെ നേതൃത്തത്തിലുള്ള അന്വേഷണസംഘത്തില്‍ 35 പേരായി. നേരത്തെ 10 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
കണ്ണൂര്‍ എ.എസ്.പി ശില്പാ ഡി, നാദാപുരം എ.എസ് പി അങ്കിത് അശോകന് ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉത്തര മേഖലാ ഐജി അശോക് യാദവിനാണ്. സാങ്കേതിക സഹായത്തിനും പ്രത്യേക വിഭാഗം. എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണിത്.
അതേസമയം സംസ്ഥാനത്ത് ഒരു കേസ് അന്വേഷിക്കാന്‍ സംഘത്തെ ഇത്ര വിപുലീകരിക്കുന്നത് ഇതാദ്യമായാണ്. ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധരും സംഘത്തിലുണ്ട്. കൂടാതെ വിദേശത്തേക്ക് രാസപരിശോധനയ്ക്ക് അയക്കുന്ന തീരുമാനം പിന്നീടെന്ന് സൂചന.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും. അദ്ദേഹം നാളെ കോടതിയില്‍ ഹാജരാകും. ആളൂരിന്റെ സഹായികള്‍ കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയെ കണ്ടു. കൊലപാതക പരമ്പരയിലെ പ്രതികള്‍ക്കായുള്ള ക്രൈബ്രാഞ്ച് കസ്റ്റഡി അപേക്ഷ താമരശ്ശേരി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം. പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ഇന്ന് ഉച്ചവരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.






