
രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് റുസൂല് താന്‍ തനിച്ചാണെന്ന് തിരിച്ചറിയുന്നത്. ഇതിനകം അവളൂടെ ഭര്‍ത്താവ് പോയിരുന്നു. വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു വിവാഹം. ഇത് അവളുടെ ആദ്യ വിവാഹമല്ലായിരുന്നു. രണ്ടാമത്തേതുമല്ല. മൂന്നാമത്തേതോ നാലാമത്തേതോ പോലുമല്ല. കൗമാരം പിന്നിടും മുമ്പ് ഡസന്‍ കണക്കിന് പുരുഷന്മാരാണ് അവളെ 'ആനന്ദ വിവാഹം' ചെയ്യാനെത്തിയത്. വെറും ലൈംഗികതയ്ക്ക് വേണ്ടി മാത്രമുള്ള ഇറാഖിലെ പ്രാകൃതാചാരം 'മുട്ടാ വിവാഹ' ത്തിന്റെ ഇരയായി ബിബിസി യ്ക്ക് മുന്നിലാണ് റുസൂല് മനസ്സു തുറന്നത്.
ബാഗ്ദാദിലെ തുച്ഛവരുമാനം കിട്ടിയിരുന്ന ജോലിക്കിടയിലാണ് റുസൂല് ജീവിതത്തിന്റെ ഭയാനകതയിലേക്ക് എടുത്തെറിയപ്പെട്ടത്. അനുജത്തിമാരും മാതാപിതാക്കളുമടങ്ങുന്ന കുടുംബം പോറ്റാന്‍ പുരുഷന് മുന്നില്‍ ഒരിക്കലും കൈനീട്ടില്ല എന്നായിരുന്നു അവളുടെ അഹങ്കാരം. കുടുംബത്തെ പോറ്റാനും അനുജത്തി റൂലയ്ക്കും വേണ്ടിയാണ് ഇതുപോലെ കുറഞ്ഞ ശമ്പളത്തിലും കഠിനമായ ജോലികള്‍ ചെയ്തിരുന്നത്. ശരീരം വെളിവാകുന്ന രീതിയില്‍ ഇറുകിയ വസ്ത്രങ്ങളണിഞ്ഞ് കടുത്ത മേക്കപ്പിട്ട് പുരുഷന്മാരെ കാത്തു നില്ക്കുന്ന തന്നേക്കാര്‍ അധികം പ്രായമില്ലാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ അവള്‍ക്ക് വെറുപ്പായിരുന്നു. സുന്ദരികളായ ഈ കൗമാരക്കാരികള്‍ എന്തിനാണ് ഇങ്ങിനെ സ്വയം വില്ക്കാന് നില്‍ക്കുന്നത് എന്നായിരുന്നു അന്നുവരെ അവള് സ്വയം ചോദിച്ചിരുന്നത്.
ജോലി സ്ഥലത്ത് പുരുഷന്മാര് കൈയ്ക്കുള്ളിലേക്ക് നമ്പര്‍ എഴുതിയ പേപ്പര്‍ തിരുകി വെയ്ക്കാറുണ്ടെങ്കിലൂം ദുരിതത്തിനിടയിലും പുരുഷനെ ജീവിക്കാനായി ആശ്രയിക്കില്ലെന്ന ദൃഡ നിശ്ചയത്തി ല്‍ അവള് അതെല്ലാം അവഗണിക്കും. എന്നാല്‍ ഒരു ദിവസം ഒരു പുരുഷന് അവളുടെ തൊഴിലിടത്ത എത്തി അവളോട് സംസാരിക്കാന്‍ ആരംഭിച്ചു. തന്റെ പഴയ കാലത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. അവള് എവിടെ നിന്നുമാണ് വരുന്നതെന്നും സ്കൂളില്‍ പോകുന്നില്ലേയെന്നും എന്തിനാണ് ജോലി ചെയ്യുന്നതെന്നും ചോദിച്ചു.
ഒരു സംരക്ഷകനെ പോലെ നിന്ന അയാളില്‍ ഒരു സുരക്ഷിതത്വം അവള്‍ക്ക് തോന്നി. റുസൂലിന്റെ ജീവിതം പതിയെ ദുരിതത്തിലേക്ക് വീഴുകയായിരുന്നു. ബാഗ്ദാദില്‍ ചെറിയ ശമ്പളത്തില്‍ ജീവിക്കുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ തനിച്ചു ജീവിക്കുമെന്ന ആദ്യത്തെ ശപഥം പതിയെ നീങ്ങി. ഭര്‍ത്താവിനെ സ്വപ്നം കാണാന്‍ തുടങ്ങി. അയാള്‍ പിന്നീട് ബാഗ്ദാദിലെ ഖദീമിയയിലെ അവളൂടെ തൊഴിലിടത്തെ പതിവ് സന്ദശകനായി. പിന്നീട് ഇരുവരും മത വിവാഹ കാര്യാലയത്തില്‍ എത്തി. റസൂലിന് എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു. ചെറിയ രീതിയിലായിരുന്നു ചടങ്ങുകള്‍. ഏതാനും വാക്കുകള്‍ക്ക് ശേഷം അയാള്‍ അവളോട് ചോദിച്ചു. 250 ഡോളര്‍ സ്ത്രീ ധനത്തില്‍ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന്. കരാര്‍ പ്രകാരമുള്ള പണം അവള് വാങ്ങി. വായിക്കാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ കരാറില്‍ എന്തായിരുന്നു എഴുതിയിരുന്നത് എന്ന് അവള്‍ക്ക് അറിയാനും കഴിഞ്ഞില്ല.
പുരോഹിതന്റെ ആശീര്‍വാദം കിട്ടിയതിന് തൊട്ടുപിന്നാലെ റുസുലിനെ ഭര്‍ത്താവ് കൊണ്ടുപോയത് തൊട്ടടുത്തുള്ള അപ്പാര്‍ട്ട്മെന്റിലേക്കായിരുന്നു. അല്‍പ്പം സംഭ്രമം തോന്നിയെങ്കിലും തനിക്കും സഹോദരിമാര്‍ക്കും ഒരു സ്ഥിരമായി വീട് കിട്ടിയല്ലോ എന്ന് സന്തോഷിച്ചു. ഭര്‍ത്താവിന് പിന്നാലെ അവള് കിടപ്പ് മുറിയിലേക്ക് പോയി. പിന്നില്‍ വാതിലടഞ്ഞു. തന്നെ ഇയാള്‍ നന്നായി നോക്കണേ എന്നും ഇയാള്‍ക്കൊപ്പം മരണം വരെ കഴിയാനാകണെ എന്നും പ്രാര്‍ത്ഥിച്ചു. ആദ്യ ഏതാനും ദിവസം റുസൂലിന് എല്ലാം മായിക കാഴ്ചകളായിരുന്നു.
തനിക്ക് എല്ലാം കിട്ടുന്നതായും തോളില്‍ നിന്നും വലിയൊരു മാറാപ്പ് എടുത്തു മാറ്റപ്പെട്ടതായും അവള്‍ക്ക് തോന്നി. എന്നാല്‍ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവളുടെ ഭര്‍ത്താവ് അപ്രത്യക്ഷനായി. വിവാഹദിവസം പൂര്‍ത്തിയാകും മുമ്പ് തന്നെ അതിന്റെ അവസാനവും തുടങ്ങിയതായി അവള് തിരിച്ചറിഞ്ഞു. ഇറാഖിലെ പ്രാകൃത ആചാരമായ 'സവാജ് അല്‍ മുത്താ' എന്ന 'ആനന്ദ കല്യാണ' ത്തിന്റെ ഇരയായിരുന്നു റുസൂല്. ലൈംഗികതയ്ക്ക് വേണ്ടി മാത്രം മതപരമായ അനുവാദത്തോടെ നടക്കുന്ന തട്ടിപ്പ് വിവാഹം.
അത് അവസാനിച്ചു. തന്നെ വിവാഹം കഴിച്ചുവിട്ട പുരോഹിതനെ കാണാന്‍ അവള് തീരുമാനിച്ചു. എന്നാല്‍ ഇയാള്‍ റുസൂലിനെ കാത്തിരിക്കുകയായിരുന്നെന്നാണ് റുസൂല് പറഞ്ഞത്. പുരോഹിതന് പിന്നെയും അവള്‍ക്ക് ഇത്തരം ജോലി നല്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഡസന്‍ കണക്കിന് പുരുഷന്മാര്ക്കൊപ്പം റുസൂല് ശയിച്ചു കഴിഞ്ഞു. ഓരോ തവണയും പുരോഹിതന് നിനക്ക് പറ്റിയ ആളെ ഞാന്‍ കണ്ടെത്തി എന്ന് പറയുമ്പോള്‍ നിഷേധിക്കാന്‍ പറ്റുമായിരുന്നില്ലെന്നും അവള് പറയുന്നു. എന്നാല്‍ ഓരോ തവണ 'ആനന്ദ വിവാഹ' ത്തിന്റെ ഭാഗമാകും മുമ്പ് പുരോഹിതന് തനിക്ക് ഗര്‍ഭം ധരിക്കാതിരിക്കാനുള്ള കുത്തിവെയ്പ്പ് നല്‍കാറുണ്ടെന്നും അവള് പറയുന്നു.
ആദ്യ വിവാഹത്തില്‍ തനിക്ക് അയാള്‍ എത്രയാണ് കരാറില്‍ തരാന്‍ പറഞ്ഞിരുന്നതെന്നു റുസുലിന് അറിയില്ല. ആനന്ദ വിവാഹത്തില്‍ തനിക്ക് എത്ര രൂപയാണ് സ്ത്രീധന കരാറെന്ന് ഇപ്പോഴും റുസൂലിന് അറിയില്ല. പക്ഷേ ഇടനിലക്കാരനായ പുരോഹിതന് സ്ത്രീധനത്തില്‍ നിന്നും അയാളുടെ ഫീസ് എടുത്തിരുന്നു. അയാള്‍ ഒരു ജോലി തന്നു. ഇനി അതേ പാതയിലൂടെ നടക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് റുസൂല് പറയുന്നു. ഓരോ കരാറിലും വിവാഹ കാലാവധി മണിക്കൂറുകളാണോ ആഴ്ചകളാണോ എന്നുപോലും റുസൂലിന് അറിയില്ല. ആനന്ദ കല്യാണങ്ങള്‍ ഇസ്ളാമിക കാലത്തിന് മുമ്പ് മുതല്‍ ഇറാനിലും അറേബ്യയിലും നില നിന്നിരുന്നതാണ്. ഇപ്പോള്‍ ഇറാഖിലും ഇറാന്റെ അയല്ഭാഗങ്ങളിലും പുരോഹിതര്‍ പണത്തിന് വേണ്ടി ഇത് നടപ്പാക്കുകയാണ്. പന്ത്രണ്ടാമന്മാര് എന്നാണ് ഇവരെ അറിയപ്പെടുന്നത്.
അതേസമയം സുന്നി വിഭാഗം ഇസ്ളാമികള്ക്കിടയില് ഈ പതിവ് അനുവദിക്കുന്നില്ല. ഇത്തരം വിവാഹങ്ങള്‍ കുടുംബം സൃഷ്ടിക്കാനല്ല. വെറും ലൈംഗിക ആസ്വാദനം ലക്ഷ്യമിട്ട് മാത്രമുള്ളതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ തീര്‍ത്ഥാന കേന്ദ്രങ്ങള്‍ക്കും വാണിജ്യ കേന്ദ്രങ്ങളിലും ഈ സമ്പ്രദായം നില നിന്നിരുന്നു. ഭാര്യമാരെ വിട്ട് ദൂരെ നിന്നും വരുന്ന പുരുഷ്നമാരുടെ ലൈംഗിക തൃഷ്ണ അടക്കാനുള്ള ഉപാധിയായിട്ടാണ് ഇത് പരിഗണിച്ചിരുന്നത്.
താല്‍ക്കാലിക ഭാര്യമാര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകയെ കുറിച്ചും ദാമ്പത്യത്തിന്റെ ദൈര്‍ഘ്യവും സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഒരു പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന വിവാഹത്തിലെ കരാറുകള്‍ മിക്കവാറും പ്രഹസനമായിരിക്കും. കരാര്‍ കാലാവധി ഒരു മണിക്കൂര്‍ മുതല്‍ 99 വര്‍ഷം വരെയുണ്ടാകും. ഭാര്യയെ ഭര്‍ത്താവ് പോറ്റണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല. കരാര്‍ ഏതു നിമിഷം വേണമെങ്കിലൂം റദ്ദാക്കാനും കഴിയും. സ്ത്രീ ചൂഷണം ആരോപിക്കപ്പെടുന്ന ഈ സമ്പ്രദായം സുന്നികള്‍ അനുവദിക്കുന്നില്ലെന്നും മിസ്യാര്‍ എന്ന സമ്പ്രദായപ്രകാരം ഇതിന് സമാനമായ വിവാഹങ്ങള്‍ അനുവദിക്കുന്നുണ്ട്. അതേസമയം ഭാര്യയും ഭര്‍ത്താവും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹത്തില്‍ ഏര്‍പ്പെടുന്നതെന്നാണ് മുട്ടാ വിവാഹത്തെ അംഗീകരിക്കുന്നവര്‍ പറയുന്നത്.
വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി കരുതുന്ന ഇറാഖില്‍ അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴു വര്‍ഷം തടവാണ് അനുശാസിക്കുന്നത്. പ്രത്യേകിച്ചും 15 നും 18 നും ഇടയില്‍ പ്രായക്കാരുമായുള്ള ലൈംഗികത. 10 വയസ്സിന് മുകളിലും 15 വയസ്സില്‍ താഴെയുമാണെങ്കില്‍ ശിക്ഷ 10 വര്‍ഷം തടവാകും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് പുരോഹിതരുടെ അനുമതിയോടെ മുത്താ വിവാഹങ്ങള്‍ നടത്തുന്നത്. കഠിനമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനാല്‍ മുത്താ വിവാഹമല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും റുസൂല് പറയുന്നു. കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്തതിനാല്‍ ജീവിതം റുസൂലിനെ പോലെയുള്ളവര്‍ക്ക് ഏറെ ദുഷ്ക്കരമാണ്. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ നല്ല ജോലിയും കിട്ടില്ല. കന്യകാത്വം നഷ്ടപ്പെട്ട പെണ്‍കുട്ടികളാണെങ്കില്‍ ഒരു പുരുഷനുമായി വിവാഹജീവിതം സാധ്യമാകുകയുമില്ലെന്ന് റുസുല്‍ പറയുന്നു.






