
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്നു. അദ്ദേഹമുള്‍പ്പെടെ, പ്രമുഖരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്വേഷണസംഘത്തില്‍ ഭിന്നാഭിപ്രായമുണ്ട്. കര്‍ശനനടപടി വേണമെന്ന പക്ഷത്താണ് സംഘാംഗമായ സി.ഐ. ഗോപകുമാര്‍. എന്നാല്‍, കൂടുതല്‍ തെളിവ് കിട്ടട്ടെയെന്നാണ് ഡിെവെ.എസ്.പിയുടെ നിലപാട്. സര്‍ക്കാരിന്റെ പച്ചക്കൊടി െവെകുന്നതാണു കാരണം.
അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം യൂണിറ്റിലെ ഡിെവെ.എസ്.പി. ശ്യാമിനെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ 30-നു തീരുമാനിച്ചെങ്കിലും തല്ക്കാലം ചുമതലയേല്ക്കേണ്ടെന്നു നിര്‍ദേശം നല്കി. എറണാകുളം യൂണിറ്റ് ഡിെവെ.എസ്.പി. അശോക് കുമാറിനാണ് നിലവില്‍ അന്വേഷണച്ചുമതല. ഇബ്രാഹിം കുഞ്ഞിനെതിരേ നടപടി വേണമെങ്കില്‍ത്തന്നെ ഉപതെരഞ്ഞെടുപ്പിനുശേഷം മതിയെന്ന അഭിപ്രായമാണു സര്‍ക്കാരിന്.
ഉംറ അനുഷ്ഠിക്കാന്‍ സൗദിയിലേക്കു പോകുന്നതു തടയാതിരുന്നത് അതുമൂലമാണെന്നാണു വിലയിരുത്തല്‍. മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്താല്‍ ന്യൂനപക്ഷവികാരം ഇടതുമുന്നണിക്ക് എതിരാകാന്‍ ഇടയുണ്ടെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതേസമയം, ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുക്കളെപ്പറ്റി വിജിലന്‍സ് അന്വേഷണം തുടങ്ങി. പാലം നിര്‍മാണം നടന്ന 2012-2014 കാലത്ത് അദ്ദേഹമോ ബന്ധുക്കളോ വലിയ പണമിടപാടു നടത്തിയിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി സ്വന്തമായും അടുത്ത ബന്ധുക്കളുടെ പേരിലും സ്വത്തുള്ളതായാണു പ്രാഥമികവിവരം. ആലുവ ടൗണില്‍ ഇബ്രാഹിം കുഞ്ഞിന്റെ പേരില്‍ കെട്ടിടങ്ങളുണ്ടെന്നും വിവരമുണ്ട്. കളമശേരി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും വാളയാറിലും ബന്ധുക്കള്‍ക്കു സ്ഥലമുണ്ടെന്നാണു വിവരം. മക്കള്‍, ഭാര്യ, സഹോദരന്, സഹോദര ഭാര്യ എന്നിവരുടെ പേരിലായി വന്‍തോതില്‍ സമ്പാദ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് സെല്‍ അന്വേഷിക്കുന്നുണ്ട്.
മേല്‍പ്പാലം നിര്‍മാണത്തില്‍ കരാറുകാരനു വഴിവിട്ടു പണം നല്‍കിയത് അന്നു പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്നു മുന്‍ സെക്രട്ടറി ടി.ഒ. സൂരജും പണം െകെപ്പറ്റിയതായി ഒന്നാംപ്രതിയും കരാര്‍ കമ്പനിയുടമയുമായ സുമിത് ഗോയലും മൊഴിനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി അറിയാമായിരുന്നുവെന്നാണു മറ്റൊരു ജീവനക്കാരന്റെ മൊഴി. അനധികൃത സ്വത്ത് കണ്ടെത്തുന്നപക്ഷം ഇബ്രാഹിം കുഞ്ഞിനുമേലുള്ള കുരുക്കു മുറുക്കാനാണു വിജിലന്‍സിന്റെ നീക്കം.
സുമിത് ഗോയലിന്റെ കമ്പ്യൂട്ടര്‍ തിരുവനന്തപുരത്തെ സി-ഡിറ്റില്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. അതില്‍നിന്ന് ഇബ്രാഹിം കുഞ്ഞിനെതിരായ എന്തെങ്കിലും തെളിവു കിട്ടുമെന്നാണ് കേസിലെ പ്രതികളുടെയും അഴിമതിയില്‍ പങ്കുള്ളതായി സംശയിക്കുന്നവരുടെയും സ്വത്തിടപാടുകള്‍ പരിശോധിക്കുന്നുണ്ട്. ടി.ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നു വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 3.30 കോടി രൂപയാണ് ഇതിനായി നല്‍കിയത്. ഇതില്‍ രണ്ടു കോടി കള്ളപ്പണമാണെന്നു സൂരജ് സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേസമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നു വിജിലന്‍സ് പറയുന്നു.






