
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് അന്വേഷണ സംഘത്തോട് കുറ്റ സമ്മതം നടത്തിയത് അറസ്റ്റിലാകുന്നതിന് തലേദിവസമെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് സംഘത്തെ പൊന്നാമറ്റം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിയുടെ കറ്റസമ്മതത്തിനു പിന്നില്‍ വിദഗ്ധനായ ഒരു ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശത്തോടെ നടന്ന, അതി വിദഗ്ധമായ നാടകമാണെന്നും ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജോളിയ്ക്ക് വിദഗ്ധനായ ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്.പി കെ.ജി സൈമണും സമ്മതിച്ചു. ഇതിന്റെ ഭാഗമായാണ് മനോനില തകര്‍ന്ന പോലെ പെരുമാറുന്നത്. നിയമത്തിന്റെ കാര്യങ്ങളില്‍ നിന്നും രക്ഷപെടാനാണ് ഈ നീക്കം. കേസന്വേഷണം വഴിതെറ്റിക്കാന്‍ നിരവധി നാടകങ്ങളാണ് ജോളി കളിച്ചത്. ജോളിയുടെ മാനസിക നിലയ്ക്ക് യാതൊരു തകരാറുമില്ല. ഈ നാടകങ്ങളൊന്നും വിലപ്പോകില്ലെന്നും അന്വേഷണ സംഘം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. .
കേസ് ദുര്‍ബലമാക്കാനും, സാധ്യമായ എല്ലാ പഴുതുകളും അവശേഷിപ്പിച്ചുമാണ് കുറ്റസമ്മതമെന്നാണ് റിപ്പോര്‍ട്ട്. കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത ഒക്ടോബര്‍ നാലിനാണ് ജോളി അന്വേഷണസംഘത്തെ വിളിച്ച് കുറ്റസമ്മതം നടത്തുന്നത്. ഇത് കല്ലറ തുറന്ന് മൃതദേഹങ്ങല്‍ പുറത്തെടുത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ മനോവിഭ്രമങ്ങളുടെയും വെളിപാടിന്റെയും അടിസ്ഥാനത്തിലാണെന്നാണ് ജോളി പോലീസിനോട് പറഞ്ഞത്. ഈ നാടകത്തിന്റെ ഭാഗമായാണ് പോലീസ് കസ്റ്റഡിയില്‍ ജോളി മനോനില തെറ്റിയ നിലയില്‍ പിറുപിറുക്കുന്നതും, തെറ്റായ മൊഴി നല്കുന്നതുമെന്നും പത്രം സൂചിപ്പിക്കുന്നു
കേസില്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വെളിപാടിനെത്തുടര്‍ന്നാണ് താന്‍ കുറ്റസമ്മതം നടത്തിയത്, അല്ലാതെ ചോദ്യം ചെയ്യലില്‍ അല്ലെന്നാകും ജോളി വാദിക്കുക. ഇത് കേസില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും ജോളിക്ക് വിദഗ്ധ ഉപദേശം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ജോളിയുടെ അഭിഭാഷകനും ഈ വെളിപാടിനെ പ്രധാന ആയുധമാക്കിയാകും വാദിക്കുക. ജോളിയുടെ രണ്ടാമത്തെ നാടകം ആരംഭിക്കുന്നത് പോലീസ് പിടിയില്‍ മനോനില തെറ്റിയ മട്ടിലുള്ള പെരുമാറ്റമാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുമ്പോഴും, തെളിവെടുപ്പ് സമയത്തും ജോളി വിരുദ്ധമായ മൊഴികളിലൂടെയും പ്രവൃത്തികളിലൂടെയും ഈ നാടകം തുടരുകയാണ്.






