
തിരുവനന്തപുരം: എന്‍എസ്എസിന്റെ ശരിദൂരം എന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പടയൊരുക്കമെന്നായി മാറിയതോടെ വട്ടിയൂര്‍കാവില്‍ 10000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്. എന്‍എസ്എസ് കരയോഗങ്ങളും പ്രാദേശിക നേതൃത്വങ്ങളും കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം തുടങ്ങിയതോടെ യുഡിഎഫ് പാട്ടുംപാടി വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകുക എന്‍എസ്എസ് വോട്ടുകളാണെന്നാണ് വിലയിരുത്തല്‍. ഏകദേശം 50 ശതമാനത്തോളം വരുന്ന നായര്‍ വോട്ടുകള്‍ സാമുദായിക നേതാക്കന്മാരുടെ വാക്കുകള്‍ക്ക് വില നല്‍കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന്റെ വിജയം ഉറപ്പാണെന്നും യുഡിഎഫ് കരുതുന്നു.
വിവിധ കരയോഗങ്ങളിലായി 72000 വോട്ടുകള്‍ ഉണ്ടെന്നാണ് എന്‍എസ്എസിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കണക്ക്. ഇതില്‍ സമുദായത്തിനപ്പുറത്ത് രാഷ്ട്രീയം കടന്നുവന്നാല്‍ 20,000 വോട്ടുകള്‍ കുറഞ്ഞാല്‍ പോലും കാര്യമായ നഷ്ടം ഉണ്ടാകില്ല. 50,000 വോട്ടുകള്‍ വീണാല്‍ പോലും 10,000 വോട്ടിന് മോഹന്‍രാജിന്റെ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് കരുതുന്നു. മോഹന്‍ കുമാറിന് വോട്ട് ചെയ്യണമെന്ന് എല്ലാ കരയോഗങ്ങള്‍ക്കും പ്രാദേശിക നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഡിഎഫിന് വേണ്ടി കരയോഗങ്ങളില്‍ പൊതുയോഗം വിളിച്ച് കൂട്ടിയാണ് തീരുമാനം അറിയിക്കുന്നത്. തിരുവനന്തപുരത്തെ 38 കരയോഗങ്ങളില്‍ 21 ഉം യോഗം ചേര്‍ന്ന് കഴിഞ്ഞു. വലിയ എതിര്‍പ്പുകളില്ലാതെ എല്ലാവരും തീരുമാനം അംഗീകരിക്കുന്നുവെന്നാണ് സംഘടനയുടെ അവകാശവാദം. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എം സംഗീത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരയോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയൂം ചെയ്യുന്നു. പ്രാദേശിക നേതൃത്വത്തിന്റെ ആഹ്വാനം സാമുദായം സ്വീകരിച്ച ചരിത്രം വട്ടിയൂര്‍കാവില്‍ മുമ്പുമുണ്ട്.
1991 ല്‍ എന്‍സ്എസിന്റെ രാഷ്ര്ടീയ പാര്‍ട്ടിയായ എന്‍ഡിപിയ്ക്ക് വേണ്ടി രവീന്ദ്രന് തമ്പി മത്സരിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയകുമാറിന് ജയം നേടാനായത് വെറും 340 വോട്ടുകള്‍ക്കായിരുന്നു. രണ്ടാം സ്ഥാനത്ത് എത്താനും രവീന്ദ്രന് തമ്പിയ്ക്കായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിനും കേന്ദ്ര സര്‍ക്കാരിനും എതിരായ നിലപാടാണ് എന്‍എസ്എസിന്റെത്. ശബരിമല വിഷയത്തില്‍ സിപിഎമ്മിനോട് കടുത്ത എതിര്‍പ്പാണ് എന്‍എസ്എസ് പുലര്‍ത്തുന്നത്. ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്താത്തത് ബിജെപിയോടുള്ള പിണക്കത്തിനും കാരണമായി.
മുന്നാക്ക സംവരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ ബോധപൂര്‍വമായി വച്ചുതാമസിപ്പിക്കുന്നതില്‍ എല്ലാവരും അസ്വസ്ഥരാണെന്നും സംഗീത് കുമാര്‍ തന്നെ പറയുന്നു. അതേസമയം സമുദായം നേരിട്ട് യുഡിഎഫിനായി വോട്ടുപിടുത്തത്തിന് ഇറങ്ങിയതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മും ശ്രമം തുടങ്ങി. ജാതി മത സംഘടനകള്‍ പ്രചരണത്തിന് ഇറങ്ങരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമമാണ് ഇവര്‍ പ്രധാന ആയുധമാക്കി മാറ്റുന്നത്.
ഇതിനൊപ്പം നായര്‍ വിഭാഗത്തില്‍ പെടുന്ന പാര്‍ട്ടി അനുഭാവികളെ നായര്‍വോട്ടുകള്‍ പിടിക്കാന്‍ സ്ക്വാഡ് വര്‍ക്കുകളും നടത്തുകയാണ്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി അവര്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍ കുടുംബയോഗങ്ങള്‍ വിളിച്ചു കൂട്ടുകയാണ് നേതാക്കള്‍. എന്‍എസ്എസ് സ്വാധീന മേഖലയായ നെട്ടയം ഉള്‍പ്പടേയുള്ള മേഖലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടെത്തിയാണ് എല്‍ഡിഎഫ് നിലപാട് വിശദീകരിക്കുന്നത്. നിലപാട് മയപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കാന്‍ സിപിഎം നേതാക്കള്‍ താലൂക്ക് യൂണിയന് നേതൃത്വത്ത നേരില്‍ കണ്ടെങ്കിലും സുകുമാരന്‍ നായരുടെ നിര്‍ദ്ദേശം വ്യക്തമാണെന്നായിരുന്നു മറുപടി.






