
തിരുവനന്തപുരം: അഡേക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദിന് സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിമാര്‍ക്ക് പുറമേ ക്യാബിനറ്റ് പദവിനല്‍കുന്ന അഞ്ചാമത്തെയാളാണ് എജി. നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.
പ്രോട്ടോകോള്‍ പാലിക്കാന്‍ ക്യാബിനറ്റ് പദവി അനിവാര്യമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ എജിമാര്ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ നല്കുന്ന ന്യായീകരണം. ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്, മുന്നോക്ക സമുദായ കമ്മീഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്.രാജന്, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവര്‍ക്കാണ് നിലവില്‍ മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് റാങ്കുള്ളത്. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ സുധാകരപ്രസാദിന് ഇപ്പോള്‍ത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്.
ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത്. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും അംഗീകാരം നല്കി. കായികമേളയ്ക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.






