
അരൂര്‍ (ആലപ്പുഴ): ഇടതു കോട്ടയായ അരൂരില്‍ അട്ടിമറി ജയത്തിലൂടെ 59 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് പതാക പാറിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഷാനിമോള്‍ വിപ്ലവ നായിക കെ.ആര്. ഗൗരിയമ്മയ്ക്കു പിന്നാലെ അരൂരില്‍നിന്നുള്ള രണ്ടാം വനിതാ എം.എല്‍.എയുമായി. നിലവില്‍ യു.ഡി.എഫിന്റെ നിയമസഭാംഗങ്ങളില്‍ ഏക വനിതയെന്ന പദവിയും ഷാനിമോള്‍ക്കു സ്വന്തമാകും. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ഏക സിറ്റിങ് സീറ്റ് ആയിരുന്ന അരൂരില്‍ 2079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ ജയിച്ചുകയറിയത്. ഷാനിമോള്‍ 69,356 വോട്ടും സി.പി.എമ്മിലെ മനു.സി.പുളിയ്ക്കല്‍ 67,277 വോട്ടും ബി.ജെ.പിയുടെ കെ.പി പ്രകാശ് ബാബു 16,289 വോട്ടും നേടി.
ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേര് വോട്ടു ചെയ്യുകയും എക്സിറ്റ്പോളുകള് ഫോട്ടോഫിനിഷ് പ്രവചിക്കുകയും ചെയ്ത അരൂരില്‍ ഉദ്വേഗം നിറഞ്ഞ മത്സരമാണ് നടന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടായിരുന്നത്. പിന്നീട് ലീഡ് നേടിയ യു.ഡി.എഫ് അവസാനം വരെയും അത് നിലനിര്‍ത്തി. 10 പഞ്ചായത്തുകളില്‍ പളളിപ്പുറം, പാണാവള്ളി എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും യു.ഡി.എഫിനു മേല്‍ക്കൈ ലഭിച്ചു.
648 വോട്ടുകളുടെ ഭൂരിപക്ഷമാണു ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ലഭിച്ചിരുന്നത്. ഇതു കൂടി പരിഗണിച്ചായിരുന്നു നാലുമാസത്തിനിടെ ഷാനിമോളെത്തന്നെ രണ്ടാം മത്സരത്തിനിറക്കിയത്. എല്‍.ഡി.എഫിന് അനുകൂല നിലപാടെടുത്ത എസ്.എന്‍.ഡി.പി. യോഗം നേതൃത്വത്തിന് ഫലം തിരിച്ചടിയായി. സഹതാപ വോട്ടുകളും വിവിധ കോണുകളില്‍ നിന്നുളള വോട്ടുകളും യു.ഡി.എഫിന് ഗുണകരമായി. എന്‍.ഡി.എയ്ക്ക് 2016ല്‍ 27753 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ 11000 ലേറെ വോട്ട് കുറഞ്ഞു.
1957 ല്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും (1965, 1967, 1970, 1980, 1982, 1987, 1991, 2006, 2011, 2016) അരൂര്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. രണ്ടു തവണ (1996, 2001) യു.ഡി.എഫിലായിരുന്ന ജെ.എസ്.എസിന്റെ കെ.ആര് ഗൗരിയമ്മയും ഒരു തവണ (1977) കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോല്പിച്ച സി.പി.ഐയുടെ പി.എസ് ശ്രീനിവാസനും അരൂരിനെ മറുപക്ഷത്ത് എത്തിച്ചു. ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് (1957, 1960) നിയമസഭയില്‍ അരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എത്തിയത്. 11 തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ അരൂരില്‍ മത്സരിച്ചപ്പോള്‍ ഒമ്പത് തവണയും ജയിച്ചു.
വോട്ട് നില
ഷാനിമോള്‍ ഉസ്മാന് (കോണ്‍ഗ്രസ്) 69356 വോട്ട്
മനു സി പുളിക്കല്‍ (സി.പി.എം) 67277.
കെ.പി പ്രകാശ് ബാബു (ബി.ജെ.പി.) 16289.
നോട്ട- 840.
ഗീതാ അശോകന് (സ്വതന്ത്ര) 352.
കെ.ബി സുനില്‍ കുമാര്‍ (സ്വതന്ത്രന്) 278
ആലപ്പി സുഗുണന് (സ്വതന്ത്രന്) 142
ആകെ വോട്ട്: 1,91,898
പോള്‍ ചെയ്ത വോട്ട്: 1,54,412






