
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരേ വിജിലന്‍സ് അന്വേഷണം. ഇക്കാര്യത്തില്‍ വിജിലന്‍സ് സര്‍ക്കാരിന് കത്തു നല്കി. കരാറുകാരന് മുന്‍കൂറായി പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ മന്ത്രി പങ്കാളിയായിരുന്നോ എന്ന കാര്യമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
ഇക്കാര്യം ഹൈക്കോടതിയെ വിജിലന്‍സ് അറിയിച്ചിരിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയുടെ എംഡി സുമിത്ഗോയല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഇവരുടെ ജാമ്യം എതിര്‍ത്ത് കൊണ്ടു നല്കിയ കത്തിലാണ് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മിക്കാനുള്ള കമ്പനിക്ക് മുന്‍കൂറായി 8.4 കോടി നല്‍കിയത് മന്ത്രിയുടെ അനുമതിയോടെയാണെന്നാണ് നേരത്തേ ടി ഒ സൂരജ് ആരോപിച്ചത്.
കേസില്‍ ഗൂഡാലോചനയില്‍ മുന്‍ മന്ത്രിക്ക പങ്കുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ അന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും വിജിലന്‍സ് അനുമതി മുന്‍കൂറായി വാങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ മന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ വേണ്ടതായ മതിയായ തെളിവുകള്‍ വിജിലന്‍സിന് കിട്ടിയിട്ടുണ്ടാകണം എന്നതാണ് ഇക്കാര്യത്തിലെ അനുമാനം.
ടി ഒ സൂരജ് ജാമ്യാപേക്ഷ്യയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ കരാറുകാരന് മുന്‍കൂറായി പണം നല്കാന് നിര്‍ദേശിച്ചത് മന്ത്രിയായിരുന്നു എന്നാരോപിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപരേഖയില്‍ വിദഗ്ദ്ധസംഘം അപാകതകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ രൂപരേഖ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് അംഗീകരിച്ചത്. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് അധിക ബാദ്ധ്യത ഇല്ലെന്നും നിര്‍മ്മാണക്കരാര്‍ പ്രകാരം പാലത്തിന്റെ നിര്‍മ്മിതിയിലെ വീഴ്ചകള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം കരാറുകാരനാണെന്നാണ് സൂരജ് നിലപാട് എടുത്തത്.






