
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നഷ്ടമായത് യു.ഡി.എഫിന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 45,540 വോട്ടുകളാണ് അഞ്ചു മണ്ഡലങ്ങളില്‍ നിന്നുമായി യു.ഡി.എഫില്‍നിന്നു ചോര്‍ന്നത്. ബി.ജെ.പിക്കും ശക്തമായ വോട്ടു ചോര്‍ച്ചയുണ്ടായപ്പോള്‍ നേട്ടമുണ്ടാക്കിയത് എല്‍.ഡി.എഫ് മാത്രമാണ്. അഞ്ചു മണ്ഡലങ്ങളിലുമായി 43,674 വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ എല്‍.ഡി.എഫ് നേടി. ബി.ജെ.പിക്കു നഷ്ടമായത് 43,352 വോട്ടുകളാണ്.
അരൂരില്‍ വിജയക്കൊടി പാറിച്ച ഷാനിമോള്‍ ഉസ്മാനു മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടു കൂടുതല്‍ നേടാനായത്. എറണാകുളത്ത് ടി.ജെ വിനോദ് വിജയിച്ചെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ െഹെബി ഈഡന് നേടിയതിനെക്കാള്‍ 24,029 വോട്ടുകള്‍ കുറവാണ് കിട്ടിയത്. ബി.ജെ.പിക്ക് വട്ടിയൂര്‍ക്കാവില്‍ 23,256 വോട്ടുകള്‍ നഷ്മായി. വട്ടിയൂര്‍ക്കാവ് നിയസമഭാമണ്ഡലത്തില്നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി. ദിവാകരന് നേടിയതിനേക്കാള്‍ 25,416 വോട്ടുകള്‍ വി.കെ. പ്രശാന്ത് നേടി. വോട്ടുവിഹിതം കണക്കാക്കിയാല്‍ യു.ഡി.എഫ് അഞ്ചിടത്തുമായി 38.33 ശതമാനം വോട്ടുകള്‍ നേടി.
രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണു വിജയിക്കാനായതെങ്കിലും37.66 ശതമാനം വോട്ടുകള്‍ എല്‍.ഡി.എഫ് നേടി. 22.31 ശതമാനം വോട്ടുകളാണ് എന്‍.ഡി.എ കരസ്ഥമാക്കിയത്. സിറ്റിങ് സീറ്റായ അരൂരിലെ തോല്‍വിക്കു പാര്‍ട്ടിയിലെ പ്രാദേശികപ്രശ്നങ്ങളും മന്ത്രി ജി. സുധാകരന്റെ ''പൂതന'' പ്രയോഗവും കാരണമായെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സുധാകരനും രംഗത്തുവന്നതോടെ അരൂരിലെ ''കനല്'' ഉടന്‍ കെട്ടടങ്ങില്ലെന്ന് ഉറപ്പായി. അരൂരിലെ തോല്‍വി പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. പ്രചാരണത്തിനിടെ ജി. സുധാകരന് നടത്തിയ പൂതന പരാമര്‍ശവും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ അനവസരത്തിലുള്ള കേസും തിരിച്ചടിയായെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാര്‍ട്ടിയിലെ പ്രാദേശികപ്രശ്നങ്ങളെക്കുറിച്ചു ജില്ലാ കമ്മിറ്റിയോടു റിപ്പോര്‍ട്ട് തേടി. അടുത്തമാസം ചേരുന്ന സംസ്ഥാനസമിതിയില്‍ ഉപതെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്ത്, ആവശ്യമായ സംഘടനാനടപടികള്‍ സ്വീകരിക്കും. പൂതന പരാമര്‍ശം സംബന്ധിച്ചു തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണു സുധാകരന്റെ നിലപാട്. ''വിശ്വാസി പ്രതിഛായ'' സൃഷ്ടിക്കാന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നടത്തിയ പ്രസ്താവനകള്‍ ഗുണം ചെയ്തില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അവിടെ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. എറണാകുളത്ത് അപ്രതീക്ഷിതമായുണ്ടായ വെള്ളക്കെട്ട് ഇടതുസ്ഥാനാര്ഥിക്കാണു ദോഷം ചെയ്തത്. ഉറച്ച നാലായിരത്തോളം വോട്ട് പോള്‍ ചെയ്യിക്കാനായില്ല.






