
കൊച്ചി: മരടിലെ ഫ്ളാറ്റുടമകള്‍ക്കെല്ലാം സുപ്രീംകോടതി വിധിയനുസരിച്ച് 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം ഉടലെടുത്തതോടെ ഇതുവരെ ''അദൃശ്യരായിരുന്ന'' ഫ്ളാറ്റുടമകളും രംഗപ്രവേശം ചെയ്യാന്‍ സാധ്യത. വിലകുറച്ചുകാട്ടി ഫ്ളാറ്റുകള്‍ ആധാരം ചെയ്തവരില്‍ പലരും ഇതുവരെ നഷ്ടപരിഹാരം തേടി എത്തിയിരുന്നില്ല. 79 പേര് ഇതുവരെ കമ്മിറ്റിയെ സമീപിക്കുകയോ രേഖകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
ഫ്ളാറ്റ് ഒഴിഞ്ഞുപോയ എല്ലാവര്ക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കുമെന്ന് ഇന്നലെ സുപ്രീംകോടതി ഉറപ്പു നല്‍കിയതോടെ മുങ്ങി നടന്നിരുന്ന ഫ്ളാറ്റുടമകളും സമിതിക്കു മുന്നില്‍ എത്തുമെന്നാണു സൂചന. ഫ്ളാറ്റ് വില മൂന്നുലക്ഷം രൂപ മാത്രമെന്ന് ആധാരത്തില്‍ കാട്ടിയിരുന്ന പ്രമുഖ മാധ്യമപ്രവര്ത്തകന് അടക്കമുള്ളവര്‍ നഷ്ടപരിഹാരത്തിനായി ഇതുവരെ മുന്നോട്ടുവന്നിരുന്നില്ല. നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടവരെ സമീപിക്കാത്തവരില് വിദേശത്തുള്ള ഫ്ളാറ്റുടമകളുമുണ്ട്. രജിസ്ട്രഷന് ഫീസ് വെട്ടിക്കാനായി ബില്ഡര്മാരുമായി ഒത്തുചേര്‍ന്നാണു വിലതാഴ്ത്തി ആധാരം രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നില്‍ രജിസ്ട്രാര്‍ ഓഫീസിലുള്ളവര്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ച് സൂചന നല്‍കിയിരുന്നു.
വിവിധ രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്നും ക്രൈംബ്രാഞ്ച് വിലയാധാരങ്ങളുടെ പകര്‍പ്പുകളും ശേഖരിച്ചിരുന്നു. ഒന്നരക്കോടി വരെ വിലവരുന്ന ഫ്ളാറ്റുകള്‍ നിസാരവിലയ്ക്ക് ആധാരം ചെയ്ത് സ്വന്തമാക്കിയവര്‍ നഷ്ടപരിഹാര സമിതിക്കു മുന്നിലെത്തിയാല്‍ നികുതിവെട്ടിപ്പിന് നടപടി നേരിടേണ്ടിവരുമോയെന്ന സംശയിച്ചാണ് പിന്വലിഞ്ഞുനിന്നിരുന്നത്. മരടിലെ എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് ഫ്ളാറ്റുകളുടെ രജിസ്ട്രേഷന് നടപടികള്‍ െകെകാര്യം ചെയ്തത് ബില്‍ഡര്‍മാര്‍ നിയോഗിച്ച അഭിഭാഷകയായിരുന്നു.
മരടില്‍ പൊളിക്കേണ്ട ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ആദ്യഘട്ട നഷ്ടപരിഹാരമെന്ന നിലയില്‍ നിര്‍ദേശിച്ച 25 ലക്ഷം രൂപ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്ക്കും നല്‍കണമെന്നു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരത്തുകയ്ക്കായി ഫ്ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടിവയ്ക്കണം. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഈ തുക പിന്‍വലിക്കാനായി ഒഴിവാക്കും. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള വിധിയില്‍നിന്ന് ഒരു വരി പോലും മാറ്റില്ലെന്ന് ആവര്‍ത്തിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, കോടതിയിലെത്തി സംസാരിക്കാന്‍ ശ്രമിച്ച ഫ്ളാറ്റ് ഉടമകളെ ശകാരിച്ചു.
എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കും ആദ്യഘട്ടമായി 25 ലക്ഷം രൂപ നല്‍കണമെന്നു സെപ്റ്റംബര്‍ 27-നു സുപ്രീംകോടതി നിര്‍ദേശമുണ്ടായിട്ടും ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ കമ്മിറ്റി ആ തുക അനുവദിക്കുന്നില്ലെന്ന് ഫ്ളാറ്റ് ഉടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പരാതിപ്പെട്ടു. ഇക്കാര്യം പരിഗണിച്ച കോടതി, മുന്‍ ഉത്തരവ് നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. നഷ്ടപരിഹാരത്തുക അന്തിമമായി നിശ്ചയിക്കാനായി കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരും. പൊളിക്കാനുള്ള വിധിയില്‍ ഒരു മാറ്റവും വരുത്തില്ലെന്നു ജസ്റ്റിസ് മിശ്ര ആവര്‍ത്തിച്ചു. ഉത്തരവിട്ടാല്‍ ഉത്തരവിട്ടതു തന്നെയാണ്. അതില്‍ മാറ്റമില്ല. കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന് അദ്ദേഹം താക്കീതു നല്കി.
കെട്ടിവയ്ക്കാനുള്ള 20 കോടി രൂപ പിന്‍വലിക്കാനായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ ഒഴിവാക്കി. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കോടതിക്ക് െകെമാറണം. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനായി സ്വീകരിച്ച നടപടികള്‍ വിവരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിരേഖയില്‍ ഉള്‍പ്പെടുത്തി.
ഫഌറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ദീപാവലി അവധിക്കു ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. കോടതിയില്‍ ഹാജരായ ഫ്ളാറ്റ് ഉടമകളോടു ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷോഭിച്ചു. നിശബ്ദരായി ഇരിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയില്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഇതു പൊതുവേദിയല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേസ് നവംബര്‍ 22-നു വീണ്ടും പരിഗണിക്കും.






