
ദമ്മാം: മദ്ധ്യതിരുവിതാംകൂറില്‍ കോട്ടയം ജില്ലയില്‍ എരുമേലിക്ക് സമീപം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റില്‍ നിര്മ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ശബരിമല അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലേയ്ക്കു നിര്‍ദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചെറുവള്ളിയിലേത്. ചെറുവള്ളിയില്‍ വിമാനത്താവളം ആരംഭിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചത് മധ്യ തിരുവിതാംകൂറിലെ പ്രവാസികളുടെ ആകാശ യാത്രക്ക് ഇതോടെ ചിറക് മുളച്ചു. എരുമേലിയില്‍ നിന്നും നാലു കിലോമീറ്റര്‍ ദുരമാണ് ചെറുവള്ളിയിലേക്ക്.
ശബരിമല ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്തവാളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ശബരിമലക്ക് സമീപം വിമാനത്താവളം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്കിയാല് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയി ബ്ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. അവര്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള മാതൃകയില്‍ ചെറുവള്ളിയില്‍ നിര്‍മിക്കുന്നത്. ടെക്നോ ഇക്കണോമിക്സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സ്പെഷല്‍ ഓഫിസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരഭിച്ചിട്ടുണ്ട്. സാമൂഹിക പ്രത്യാഘാത പഠനം, മണ്ണ് പരിശോധന, വിവരശേഖരണം എന്നിവ ഇനി നടത്താനുണ്ട്. അതിനു ശേഷം വിവിധ മന്ത്രാലയങ്ങള്‍, മറ്റ് ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ അംഗീകാരം തുടങ്ങി എല്ലാ നടപടികളും കണ്സലറ്റന്റ് പൂര്‍ത്തിയാക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ ഉണ്ടാകും. പരിസ്ഥിതി പ്രശ്നങ്ങള്‍ അടക്കം പഠനം നടത്തി പഴുതുകള്‍ അടച്ചാകും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക.
നേരത്തെ ആറന്മുളയില് കെ ജി എസ് ഗ്രുപ്പ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നാട്ടുകാരുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തി വെക്കുകയായിരുന്നു ഇതോടെ മധ്യതിരുവിതാംകൂറിലെ പ്രവാസികളുടെ ആറന്മുളയില് നിന്നും ഉള്ള വിമാനയാത്ര സഫലമായില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള മധ്യതിരുവിതാംകൂറില്‍ വിമാനത്താവളം വരുന്നതോടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ ആശ്വാസം ആകും എന്നാണ് പ്രതീക്ഷ. ഇവിടെ നിന്നും 100 മുതല്‍ 160 കിലോമീറ്ററിലധികം താണ്ടി വേണം ഓരോ പ്രവാസികളും നിലവില്‍ ഉള്ള കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തി യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്ക്കും ഈ പദ്ധതി ഏറെ ഗുണകരമാകും. കൂടാതെ ഏഷ്യയിലെ തന്നെ വലിയ കണ്വന്ഷനുകളായ മാരാമണ്‍, ചെറുകോല്‍പ്പുഴയും, മഞ്ഞിനിക്കര, പരുമല തീര്‍ത്ഥാടകര്‍ക്കും ഇത് പ്രയോജനം ചെയ്യും. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാകും .
ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമായതോടെ പ്രവാസികളുടെ പ്രതീക്ഷയും അസ്ഥാനത്തായി. എന്നാല്‍ പ്രവാസികളുടെ പുത്തന്‍ പ്രതീക്ഷക്ക് ചിറക് വിടര്‍ത്താന്‍ ചെറുവള്ളി വിമാനത്താവളത്തിനാകുമോ എന്നാണ് പ്രവാസികളും ഉറ്റുനോക്കുന്നത്.
-ചെറിയാന് കിടങ്ങന്നൂര്‍






